കനയ്യ കുമാർ കോൺഗ്രസിലേയ്‌ക്ക് കാലുമാറുമ്പോൾ

സുബിൻ ഡെന്നിസ്

പല സുഹൃത്തുക്കളും ചോദിക്കുന്നുണ്ട്, മുൻ എ.ഐ.എസ്.എഫ്. നേതാവും സി.പി.ഐ. നേതാവുമായ കനയ്യ കുമാർ കോൺഗ്രസിൽ ചേരുന്നതിൽ ഞെട്ടലില്ലേ എന്ന്. തീരെ ഞെട്ടലില്ല എന്നുമാത്രമല്ല, എന്തേയിത്ര വൈകി എന്ന സംശയം മാത്രമേയുള്ളൂ എന്നാണ് മറുപടി.


കനയ്യ രാജ്യമെമ്പാടും വാർത്തകളിൽ ഇടം പിടിച്ച 2016-ൽത്തന്നെ, മാർച്ച് 22-ന് രാഹുൽ ഗാന്ധിയെ പോയി കാണുന്നുണ്ട്. അതൊരു “courtesy call” ആണെന്നായിരുന്നു അന്നത്തെ വ്യാഖ്യാനം. ശരിയായിരുന്നിരിക്കാം.
പക്ഷേ 2016 മാർച്ച് 28-ന് കനയ്യ ഒരു പ്രസംഗം നടത്തി, കോൺഗ്രസ് നടത്തിയ ഭീകരതാണ്ഡവങ്ങളെ വെള്ള പൂശിക്കൊണ്ട്. 2014-ൽ അന്തരിച്ച ചരിത്രകാരൻ ബിപൻ ചന്ദ്രയുടെ ഓർമയ്ക്കായി ജെ.എൻ.യു.വിൽ വച്ചു നടത്തിയ പരിപാടിയിൽ കനയ്യ ഇങ്ങനെ പറയുകയുണ്ടായി:


“അടിയന്തരാവസ്ഥയും ഫാഷിസവും തമ്മിൽ വ്യത്യാസമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒരു പാർട്ടിയുടെ ഗുണ്ടകൾ ഗുണ്ടായിസം കാണിക്കുകയായിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ (ഇപ്പോഴത്തെ സ്ഥിതി ഫാഷിസമാണെന്ന് നേരത്തെ പറഞ്ഞിരുന്നു), ഭരണകൂടസംവിധാനം മുഴുവനും ചേർന്നാണ് അത് ചെയ്യുന്നത്. 1984-ലെ സിഖ് വിരുദ്ധ കലാപവും 2002-ലെ ഗുജറാത്ത് കലാപവും തമ്മിൽ വ്യത്യാസമുണ്ട്. ഒരു സാധാരണ മനുഷ്യൻ ആൾക്കൂട്ടത്താൽ കൊല്ലപ്പെടുന്നതും ജനങ്ങൾ ഭരണകൂട സംവിധാനത്താൽ കൊല്ലപ്പെടുന്നതും തമ്മിൽ മൗലികമായ വ്യത്യാസമുണ്ട്.”


അടിയന്തരാവസ്ഥയുടെയും 1984-ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയുടെയും ഗൗരവം കുറച്ചുകാണിക്കുകയായിരുന്നു കനയ്യ ചെയ്‌തത്. അടിയന്തരാവസ്ഥക്കാലത്തെപ്പറ്റി കനയ്യ പറഞ്ഞത് തെറ്റായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഭരണകൂടത്തെ ഉപയോഗിച്ചുതന്നെയാണ് കോൺഗ്രസ് സർക്കാർ അന്ന് ജനാധിപത്യ അവകാശങ്ങളെ ചവിട്ടിയരച്ചത്. സിഖുകാരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂട്ടക്കൊല ചെയ്തപ്പോഴും ഭരണകൂടസംവിധാനം മനഃപൂർവം ഒന്നും ചെയ്യാതിരിക്കുകയായിരുന്നു എന്നത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്ര വസ്‌തുതയാണ്.


ഇത്രയുമായപ്പോൾ കനയ്യ കോൺഗ്രസിൽ പോകും എന്ന സംശയം ആളുകൾ പ്രകടിപ്പിച്ചു തുടങ്ങി.
പോരെങ്കിൽ താൻ സി.പി.ഐ. അംഗമല്ല, എ.ഐ.എസ്.എഫ്. അംഗം മാത്രമാണ് എന്ന് കനയ്യ ഇടയ്ക്കിടെ പ്രസംഗങ്ങളിൽ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.


പക്ഷേ ഉടനെ കോൺഗ്രസിലേയ്‌ക്ക് ചാടിയാൽ ഇമേജ് പോകുമെന്ന് മനസ്സിലാക്കിയിട്ടായിരിക്കാം, കനയ്യ അതിനു മുതിർന്നില്ല. 2018-ൽ സി.പി.ഐ. കനയ്യയെ അതിന്റെ ദേശീയ കൗൺസിൽ അംഗമാക്കി, 2019-ൽ ബിഹാറിലെ ബേഗുസരായിയിൽ നിന്ന് ലോക്‌സഭയിലേയ്‌ക്ക് മത്സരിപ്പിച്ചു. എന്തായാലും ഇങ്ങനെ കുറച്ചുവർഷം കനയ്യയെ പാർട്ടിയിൽ പിടിച്ചുനിർത്താൻ സി.പി.ഐ.-യ്ക്കായി. എങ്കിലും ഒടുവിൽ അദ്ദേഹം കോൺഗ്രസിൽത്തന്നെ എത്തി.


‌****************************


ഇനി ഒന്ന് റീവൈൻഡ് ചെയ്‌തുനോക്കാം. കനയ്യ താരമായതെങ്ങനെയാണ്?


ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയൻ കൗൺസിലർ സ്ഥാനത്തേയ്‌ക്ക് കനയ്യ രണ്ടു വട്ടം മത്സരിച്ചു തോറ്റു. പക്ഷേ 2015-ൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിച്ച് 67 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ജെ.എൻ.യു.വിൽ കനയ്യയുടെ സംഘടനയായ എ.ഐ.എസ്.എഫ്. വളരെ ചെറിയ ഒരു സംഘടനയാണ്. കനയ്യ മത്സരിക്കുന്നതിനു മുമ്പുള്ള സമയത്തും അവർക്ക് കാര്യമായ വളർച്ച ഉണ്ടായിരുന്നില്ല. അപ്പോൾപ്പിന്നെ ഈ വിജയം ഉണ്ടായതെങ്ങനെ എന്നു സംശയം തോന്നാം.


ഒരു പ്രത്യേക സാഹചര്യത്തിലാണ് കനയ്യ തെരഞ്ഞെടുപ്പു വിജയിക്കുന്നത്. റെസിഡൻഷ്യൽ ക്യാമ്പസാണ് ജെ.എൻ.യു. ഭൂരിഭാഗം വിദ്യാർത്ഥികളും ക്യാമ്പസിലെ ഹോസ്റ്റലുകളിലാണ് താമസം. എന്നാൽ അക്കാലത്ത് കുറെ വർഷങ്ങളായി ഹോസ്റ്റലുകളിൽ ആവശ്യത്തിന് സീറ്റുകളില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. 27% ഒബിസി സംവരണം നടപ്പാക്കിയതിനൊപ്പം വിദ്യാർത്ഥികളുടെ എണ്ണം 54% വർദ്ധിച്ചു. എന്നാൽ അവർക്കു വേണ്ട താമസ സൗകര്യം ഒരുക്കിയിരുന്നില്ല. അങ്ങനെ നല്ലൊരു പങ്ക് വിദ്യാർത്ഥികൾ ക്യാമ്പസിൽ താമസിക്കുന്നതിനു പകരം പുറത്തായി താമസം.


ജെ.എൻ.യു.വിലെത്തുന്ന മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും സജീവ രാഷ്‌ട്രീയ ചർച്ചകളും മറ്റുമുള്ള ക്യാമ്പസുകളിൽ പഠിച്ചിട്ടല്ല അവിടെ ചേരുന്നത്. ക്യാമ്പസിലെ പൊതുയോഗങ്ങളിലും സമരപരിപാടികളിലുമൊക്കെ പങ്കുചേർന്നിട്ടാണ് അവർ രാഷ്‌ട്രീയബോധത്തിലേയ്‌ക്ക് ഉണരുക. എന്നാൽ വിവിധ രംഗങ്ങളിലെ വിദഗ്‌ധരും മറ്റു രാഷ്‌ട്രീയ പ്രവർത്തകരുമൊക്കെ വന്ന് പ്രസംഗിക്കുന്ന പൊതുയോഗങ്ങളും സിനിമാ പ്രദർശനങ്ങളുമൊക്കെ മിക്കവാറും നടക്കുന്നത് രാത്രിയിലാണ്, ഡിന്നറിനു ശേഷം. പല പ്രതിഷേധ മാർച്ചുകളും നടക്കുന്നതും ഈ സമയത്താണ്. ക്യാമ്പസിനു വെളിയിൽ താമസിക്കുന്നവർക്ക് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ നന്നേ ബുദ്ധിമുട്ടാണ്. അങ്ങനെ അവരിൽ നല്ലൊരു പങ്കിനും ജെ.എൻ.യു.വിലെ വിദ്യാർത്ഥി രാഷ്‌ട്രീയത്തെപ്പറ്റിയുള്ള അവബോധം കുറഞ്ഞുവരുന്ന സ്ഥിതിയുണ്ടായി.


ഇതിന്റെ ഫലമായി സംഭവിച്ച കാര്യങ്ങളിലൊന്നാണ്, ആർക്കു വോട്ടു ചെയ്യണം എന്ന് “പ്രസംഗം കേട്ടിട്ടു തീരുമാനിക്കാം” എന്ന് പറയുന്നവരുടെ എണ്ണത്തിലുണ്ടായ വലിയ വർദ്ധനവ്. യൂണിയൻ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് നടക്കുന്ന പരിപാടിയാണ് പ്രസിഡൻഷ്യൽ ഡിബേറ്റ്. പ്രസിഡന്റ് സ്ഥാനാർത്ഥികൾ പ്രസംഗിക്കുകയും പരസ്പരം ചോദ്യങ്ങൾ തൊടുക്കുകയും ഓഡിയൻസിൽ നിന്നു വരുന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്ന സംവാദ പരിപാടി. ആയിരക്കണക്കിനു വിദ്യാർത്ഥികൾ രാത്രി 9 മണി മുതൽ രാവിലെ വരെ പന്തലിൽ തടിച്ചുകൂടി നിന്ന് കാണുന്ന പരിപാടിയാണിത്. മാധ്യമങ്ങളും വലിയ രീതിയിൽ ഈ പരിപാടി കവർ ചെയ്യാറുണ്ട്.


ചെറിയ സംഘടനകളിൽപ്പെട്ടവരോ ഒരു സംഘടനയിലും പെടാത്തവരോ ആയ സ്ഥാനാർത്ഥികളിൽ മുൻ‌വർഷങ്ങളിലും തീപ്പൊരി പ്രസംഗകർ ഉണ്ടായിട്ടുണ്ടെങ്കിലും അങ്ങനെയുള്ളവർ ജയിക്കുന്ന പതിവ് ഉണ്ടായിട്ടില്ല. ആളുകൾ അത്തരം പ്രസംഗങ്ങൾക്ക് കയ്യടിക്കും. പക്ഷേ വോട്ട് അവർക്ക് ചെയ്യില്ല. വോട്ട് ചെയ്യുന്നത് വിവിധ രാഷ്‌ട്രീയ സംഘടനകളുടെ നിലപാടുകൾ അനുസരിച്ചും സംഘടനകളും അവരുടെ സ്ഥാനാർത്ഥികളും എത്ര നന്നായിട്ടാണ് വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ചത് എന്നത് പരിഗണിച്ചുമാണ്. പ്രസംഗത്തിന് പ്രാധാന്യം ഇല്ല എന്നല്ല. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രസംഗമല്ല.
എന്നാൽ 2015-ലെ പ്രത്യേക സാഹചര്യത്തിൽ പതിവിലും വളരെക്കൂടുതലാളുകൾ പ്രസംഗം കേട്ട് തീരുമാനമെടുത്തു. ഡിബേറ്റിൽ കനയ്യയുടെ പ്രകടനം മികച്ചതായിരുന്നു. (വ്യക്തിപരമായി എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ടത് എസ്.എഫ്.ഐ. സ്ഥാനാർത്ഥി പാരിതോഷിന്റെ പ്രസംഗമായിരുന്നു. അത് വേറെ കാര്യം.) AISF മറ്റു പ്രധാന പോസ്റ്റുകളിലേയ്‌ക്കൊന്നും മത്സരിക്കാതെ കനയ്യയുടെ പേരു മാത്രം പ്രൊജക്റ്റ് ചെയ്‌ത് പ്രചാരണം നടത്തി. നാല് ഇടതുസംഘടനകൾ വെവ്വേറെ മത്സരിച്ചതോടെ വോട്ടു ഭിന്നിച്ച് ചെറിയ മാർജിനിൽ കനയ്യ വിജയിച്ചു.


യൂണിയൻ പ്രസിഡന്റായതിനു ശേഷം നടത്തിയ പ്രസംഗത്തിൽ കനയ്യ പറഞ്ഞത്, താൻ പാർട്ടി ലൈൻ പിന്തുടരാൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു. (അപ്പോൾപ്പിന്നെ പാർട്ടി വിടുന്നതിൽ എന്തു ബുദ്ധിമുട്ട് എന്നും ചോദിക്കാമല്ലോ.)


സമരം നയിച്ചിട്ടോ സംഘടന വളർത്തിയിട്ടോ അല്ല കനയ്യ തെരഞ്ഞെടുപ്പ് വിജയിച്ചത് എങ്കിൽ, യൂണിയൻ പ്രസിഡന്റായതിനു ശേഷവും ഇതുരണ്ടും ചെയ്യുന്നതിൽ കനയ്യ വിജയം കണ്ടില്ല. കേന്ദ്ര സർവകലാശാലകളിലെ ഗവേഷകർക്ക് യുജിസി നൽകുന്ന ഫെലോഷിപ്പ് നിർത്തലാക്കാൻ യുജിസി തീരുമാനിച്ചതിനെതിരെ Occupy UGC സമരം നടന്ന കാലമായിരുന്നു ഇത്. എന്നിട്ടും മേൽപ്പറഞ്ഞ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.
അങ്ങനെയിരിക്കുമ്പോഴാണ് 2016 ജനുവരിയിൽ ജെ.എൻ.യു.വിൽ ആർ.എസ്.എസ്. നിയോഗിച്ച പുതിയ വൈസ് ചാൻസലർ വരുന്നത്. ജെ.എൻ.യു.വിനെ നശിപ്പിക്കാനുള്ള ആർ.എസ്.എസ്. പദ്ധതിക്ക് ആഴ്‌ചകൾക്കകം ആക്കമേറി. അതിന്റെ ഭാഗമായിട്ടാണ് “രാജ്യദ്രോഹം” ആരോപിച്ച് യൂണിയൻ പ്രസിഡന്റിനെയും മറ്റു രണ്ട് വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്യുന്നത്.


ഇവരെ മോചിപ്പിക്കണമെന്നും ജെ.എൻ.യു.വിന്റെ ജനാധിപത്യ അന്തരീക്ഷം നിലനിർത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള Stand With JNU പ്രക്ഷോഭം അങ്ങനെയാണ് ആരംഭിക്കുന്നത്. കനയ്യ ജയിലിലായിരിക്കുന്ന സമയത്താണ് ഈ പ്രക്ഷോഭം ഏറ്റവും ശക്തമായി നടന്നത്. അറസ്റ്റിനു ശേഷം പല വിധ ആക്രമണങ്ങളുണ്ടായി എങ്കിലും പതറിയില്ല, ധൈര്യം കൈവെടിഞ്ഞില്ല എന്നതാണ് കനയ്യ പ്രകടമാക്കിയ ഏറ്റവും വലിയ ഗുണം.


ഈ സംഭവങ്ങളും സമരവും വലിയ ശ്രദ്ധയാകർഷിച്ചതോടെയാണ് കനയ്യ കുമാർ ദേശീയതലത്തിൽ പ്രശസ്‌തനാകുന്നത്.


ഈ സമരത്തിനു ശേഷമാണെങ്കിലും ജെ.എൻ.യു.വിൽ കനയ്യയുടെ സംഘടനയായ എ.ഐ.എസ്.എഫിന് കാര്യമായ വളർച്ചയൊന്നും ഉണ്ടായില്ല. പിന്നീട് കനയ്യ സി.പി.ഐ. സംഘടന ശക്തിപ്പെടുത്താൻ കാര്യമായി എന്തെങ്കിലും ചെയ്‌തതായിട്ടും കേട്ടിട്ടില്ല. കനയ്യ ഒരു നല്ല പ്രസംഗകനാണ് എന്നതാണ് ആകെയുള്ളത്.


‌****************************


ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. രാജ്യത്ത് ഇടതുപക്ഷം ദുർബലമായിട്ടുള്ള പ്രദേശങ്ങളിൽ നിന്നും ജെ.എൻ.യു.വിലെത്തി ഇടതുവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി നേതാക്കളാകുന്നവർ തിരികെ പോയി രാഷ്‌ട്രീയ പ്രവർത്തനം തുടർന്നാൽ അവരെ കാത്തിരിക്കുന്നത് കഷ്‌ടപ്പാടുകളാണ്. സംഘടനാ സംവിധാനം ഇല്ലാത്തിടത്ത് അത് വളർത്തുക എന്നു പറയുന്നത് അതീവ ക്ലേശകരമായിട്ടുള്ള കാര്യമാണു താനും. അതിന് തയ്യാറായി മുഴുവൻ സമയ ഇടതു രാഷ്‌ട്രീയ പ്രവർത്തകരാകുന്നവർ എണ്ണത്തിൽ കുറവാണ്. നല്ലൊരു പങ്ക് ആളുകളും മുഴുവൻ സമയ പ്രവർത്തകരാകാതെ രാഷ്‌ട്രീയ പ്രവർത്തനവും മറ്റു ജോലികളും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകും.


എന്നാൽ ഈ രണ്ടു വിഭാഗം ആളുകൾക്കും എം.എൽ.എ. ആകാനോ എം.പി. ആകാനോ ഒന്നും കഴിഞ്ഞെന്നു വരില്ല. അതേ സമയം അതത് സംസ്ഥാനങ്ങളിൽ ശക്തിയുള്ള രാഷ്‌ട്രീയ പാർട്ടികളിൽ ചേർന്നാൽ വിവിധ സ്ഥാനമാനങ്ങൾ ലഭിക്കും. കോൺഗ്രസും മറ്റും പല ബൂർഷ്വാ പാർട്ടികളും ജെ.എൻ.യു.വിലെ വിദ്യാർത്ഥി നേതാക്കളെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് പതിവാണ്. അങ്ങനെ പോയ പലരുമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ പേരാണ് കനയ്യയുടേത്. മെനക്കെട്ട് സംഘടന വളർത്തേണ്ട ചുമതലയൊന്നും കോൺഗ്രസിന്റെ കാര്യത്തിൽ ബാധകമാകാത്തതുകൊണ്ട് കനയ്യയ്‌ക്കു പറ്റിയ പാർട്ടി തന്നെയാണ് കോൺഗ്രസ്.
കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് കനയ്യ സി.പി.ഐ.-യെ ഒരിഞ്ചും മുന്നോട്ടു കൊണ്ടുപോയിട്ടില്ല എന്നിരിക്കെ, ഇനിയും ആ പാർട്ടിയിൽ അദ്ദേഹം തുടരുന്നതുകൊണ്ട് എന്തെങ്കിലും വലിയ മാറ്റം പ്രതീക്ഷിക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല.


കനയ്യ കോൺഗ്രസിൽ ചേരുമ്പോൾ ഇതുവരെ പറഞ്ഞിരുന്ന മുതലാളിത്ത വിരുദ്ധ രാഷ്‌ട്രീയം ഉപേക്ഷിക്കുമോ, അതോ കോൺഗ്രസ് മുതലാളിത്ത വിരുദ്ധ നിലപാട് സ്വീകരിക്കുമോ (ഹഹ) എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. മുതലാളിത്തത്തെ തള്ളിപ്പറയുന്നത് പോട്ടെ, നവലിബറൽ നയങ്ങളെയെങ്കിലും (കുത്തകകൾക്ക് പിന്തുണ, പൊതുമേഖലയെ വിറ്റുതുലയ്‌ക്കൽ, ഇറക്കുമതികൊണ്ടുവന്ന് കർഷകരുടെ നടുവൊടിക്കുന്ന വ്യാപാര ഉദാരീകരണം ഇത്യാദി) കോൺഗ്രസ് തള്ളിപ്പറയുമോ? നാലു ലക്ഷം കർഷകരുടെ ആത്മഹത്യയിലേയ്‌ക്ക് നയിച്ച തീവ്ര വലത് നയങ്ങൾക്ക് തുടക്കം കുറിച്ച മന്മോഹൻ സിംഗിന് ഹാപ്പി ബെർത്ത്‌ഡേ പാടാനാകുമോ കനയ്യയും തുനിയുക? തങ്ങൾ സ്വകാര്യവൽക്കരണത്തിന് എതിരല്ല എന്ന് രാഹുൽ ഗാന്ധി ഈയിടെയും കൂടി പറഞ്ഞതേയുള്ളൂ.


ഇടതുപക്ഷക്കാരെ സംബന്ധിച്ചിടത്തോളം നിരാശയ്‌ക്കൊന്നും വകയില്ല. കനയ്യ ഇതുവരെ ചെയ്‌തിട്ടില്ലാത്ത കർത്തവ്യങ്ങൾ തന്നെയാണ് ഇപ്പോഴും ഇടതുപക്ഷക്കാരുടെ മുമ്പിലുള്ളത് — കർഷകരെയും തൊഴിലാളികളെയും മറ്റു സാധാരണക്കാരെയുമൊക്കെ സംഘടിപ്പിച്ച് സാമൂഹ്യമാറ്റത്തിനായി അണിനിരത്തുക. രക്ഷക അവതാരങ്ങളിലുള്ള മൂഢവിശ്വാസങ്ങളിലല്ല, സംഘടിതമായ ജനകീയ മുന്നേറ്റങ്ങളിലാണ് ഇടതുപക്ഷത്തിന്റെയും രാജ്യത്തിന്റെയും ഭാവി.

One thought on “കനയ്യ കുമാർ കോൺഗ്രസിലേയ്‌ക്ക് കാലുമാറുമ്പോൾ

Leave a comment