നിറം മാറ്റം: വ്യാജവാർത്ത കയ്യോടെ പിടിക്കപ്പെട്ട് മീഡിയാ വൺ

4 September 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാർത്തയിൽ സി.പി.ഐ.(എം.) പ്രവർത്തകരുടെ തലേക്കെട്ടുകളുടെ ചുവപ്പു നിറം മാറ്റി കാവിയാക്കി വ്യാജവാർത്ത കൊടുത്ത് മീഡിയാ വൺ ടിവി ചാനൽ. പിടിക്കപ്പെട്ടപ്പോൾ സാങ്കേതികത്തകരാറെന്ന് വിശദീകരണം.

മീഡിയാ വൺ എന്നൊരു ടിവി ചാനലുണ്ട്. മലയാളികൾ ധാരാളം പേർ കാണാറുള്ള ചാനലാണ്. ജമാ അത്തെ ഇസ്ലാമി എന്ന ഇസ്ലാമിസ്റ്റ് മതമൗലികവാദ സംഘടനയുടെ ചാനലാണത്. ‘മാധ്യമം’ എന്ന പേരിലുള്ള പത്രവും വാരികയും ഇതേ സംഘടനയാണ് പുറത്തിറക്കുന്നത്. ഇന്ത്യയെ “ഹിന്ദു രാഷ്‌ട്രം” ആക്കണം എന്ന ലക്ഷ്യത്തോടെ ആർ.എസ്.എസ്. പ്രവർത്തിക്കുന്നതുപോലെ, ഇവിടെ “ഇസ്ലാമിക രാഷ്‌ട്രം” സ്ഥാപിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ജമാ അത്തെ ഇസ്ലാമി.

മീഡിയാ വൺ ഇന്നലെ (2023 സെപ്റ്റംബർ 3) ഒരു വ്യാജവാ‍ർത്ത പ്രസിദ്ധീകരിച്ചു.

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ 5-ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം ഔദ്യോഗികമായി അവസാനിച്ച സെപ്റ്റംബർ 3-നു വൈകിട്ട് കൊട്ടിക്കലാശം നടന്ന വാകത്താനത്തു നിന്നുള്ള ദൃശ്യങ്ങൾ മീഡിയാ വൺ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തപ്പോൾ, ഒരു സംഘം സി.പി.ഐ.(എം.) പ്രവർത്തകരുടെ ചുവപ്പു തലേക്കെട്ടുകൾ കാവിയാക്കി മാറ്റുകയാണ് ചാനൽ ചെയ്‌തത്. ഉച്ചകഴിഞ്ഞ് 2.47-നാണ് ഈ പോസ്റ്റ് മീഡിയാ വൺ ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.

ഇതേ പ്രവർത്തകരുടെ തന്നെ ദൃശ്യങ്ങൾ 24 ന്യൂസ് ഉൾപ്പെടെയുള്ള മറ്റു മാധ്യമങ്ങളും പകർത്തുകയും സം‌പ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. അവയിലെല്ലാം തലേക്കെട്ടുകളുടെ നിറം ചുവപ്പാണ് എന്നത് വ്യക്തമാണ്.

മീഡിയാ വണ്ണിന്റെയും 24 ന്യൂസിന്റെയും പോസ്റ്റുകൾ തമ്മിലുള്ള വ്യത്യാസം ഈ ചിത്രത്തിൽ കാണാം:

മീഡിയാ വൺ ദൃശ്യങ്ങളിൽ ചുവപ്പ് കാവിയാക്കി മാറ്റിയത് നിഷ്‌കളങ്കമായി സംഭവിച്ച ഒരു അബദ്ധമല്ല എന്നാണ് തെളിവുകൾ വ്യക്തമാക്കുന്നത്. ഫെയ്‌സ്ബുക്കിൽ ഈ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് മീഡിയാ വൺ ആദ്യം ഇട്ട ക്യാപ്ഷൻ “RSS രണഗീതത്തിന്റെ താളത്തിൽ ജെയ്‌കിന് വേണ്ടി പാട്ടുപാടി വോട്ട്ചോദിച്ച് പ്രവർത്തകർ” എന്നായിരുന്നു. 10 മിനിട്ടിനു ശേഷം അത് “RSS ഗണഗീതത്തിന്റെ താളത്തിൽ ജെയ്‌കിന് വേണ്ടി പാട്ടുപാടി വോട്ട്ചോദിച്ച് പ്രവർത്തകർ” എന്നാക്കിമാറ്റി. പോസ്റ്റ് കണ്ട നിരവധിയാളുകൾ തെറ്റ് ചൂണ്ടിക്കാട്ടി. 2.31 ആയപ്പോഴേയ്‌ക്കും ക്യാപ്ഷൻ വീണ്ടും മാറ്റി – “ജെയ്‌കിന് വേണ്ടി പാട്ടുപാടി വോട്ട്ചോദിച്ച് പ്രവർത്തകർ” എന്നായി. പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററിയിൽ (താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങൾ) ഇതെല്ലാം കാണാം:

വിഷയം സോഷ്യൽ മീഡിയയിൽ വലിയ വിവാദമായി നിരവധി മണിക്കൂറുകൾക്കു ശേഷം, രാത്രി 9 മണിക്ക്, മീഡിയാ വൺ ഒരു വിശദീകരണക്കുറിപ്പ് ഇറക്കി. “ആർ.എസ്.എസ്. ഗണഗീതത്തിന്റെ താളത്തിൽ പാട്ടുപാടി…” എന്ന തലക്കെട്ട് “തെറ്റായ താരതമ്യമാണെന്ന് മനസ്സിലാക്കി, ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നീക്കം ചെയ്തു” എന്നും തലേക്കെട്ടുകളുടെ നിറം മാറിയത് “ദൃശ്യം ചിത്രീകരിച്ച ക്യാമറയിൽ സംഭവിച്ച സാങ്കേതിക തകരാറുമൂലം” ആണെന്നുമായിരുന്നു ചാനൽ എഡിറ്ററുടെ വിശദീകരണം.

ഈ വിശദീകരണം പരിഹാസ്യമായ ഒന്നായിട്ടാണ് പൊതുസമൂഹം കാണുന്നത്. മീഡിയാ വൺ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽത്തന്നെ പുറകിൽക്കാണുന്ന കെട്ടിടത്തിന്റെ വശങ്ങളിൽ ചുവപ്പുനിറം കാണാം. മാത്രവുമല്ല, കൃത്രിമമായി കാവി നിറം കൊടുത്ത തലേക്കെട്ടണിഞ്ഞ് ആർ.എസ്.എസ്. പാട്ടുപാടി സി.പി.ഐ.(എം.) പ്രവർത്തകർ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ ജെയ്‌ക്ക് സി. തോമസിനു വോട്ട് ചോദിക്കുന്നു എന്ന പ്രചാരണം സാധ്യമാക്കുകയായിരുന്നു മീഡിയാ വണ്ണിന്റെ ഉദ്ദേശ്യം എന്ന് പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററിയിൽ നിന്നും വ്യക്തമാകുന്നുമുണ്ട്. മീഡിയാ വണ്ണിന്റെ വ്യാജവാർത്താ പോസ്റ്റ് വന്ന് മിനിട്ടുകൾക്കകം അതിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ ഉൾപ്പെടുത്തി “തലയിൽ RSS കൊടിയും നാവിൽ RSS താളവുമായി ജയ്‌ക്കിന് വോട്ട് ചോദിച്ച് DYFI” എന്ന ആരോപണവുമായി പോസ്റ്റർ ഇറങ്ങുകയും അത് യു.ഡി.എഫ്. പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.

മീഡിയാ വൺ വ്യാജ പോസ്റ്റ് ഇപ്പോഴും (2023 സെപ്റ്റംബർ 4, ഉച്ചകഴിഞ്ഞ് 1.30) പിൻ‌വലിച്ചിട്ടില്ല. ഇന്നലെ രാത്രി ഒമ്പതു മണിക്ക് ഇറക്കിയ വിശദീകരണക്കുറിപ്പിൽ ഒരു ഖേദവും പ്രകടിപ്പിച്ചിട്ടുമില്ല. ഇനി പോസ്റ്റ് പിൻ‌വലിച്ചാലും ഖേദം പ്രകടിപ്പിച്ചാലും വ്യാജ പ്രചാരണം നടത്തിയ യു.ഡി.എഫ്. പ്രവർത്തകർ അത് പിൻ‌വലിച്ച് വിശദീകരണം നടത്തുകയുമില്ല.

ഈ രീതിയിലുള്ള വ്യാജ പ്രചാരണം മീഡിയാ വൺ സ്ഥിരമായി നടത്താറുള്ളതാണ് എന്ന് മന്ത്രി എം.ബി. രാജേഷ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി:

“തെരഞ്ഞെടുപ്പ്‌ സമയത്ത്‌‌ മീഡിയാ വണ്ണിന്റെ സ്ഥിരം അഭ്യാസമാണ്‌ ഒരു വ്യാജവാർത്ത വലിയ തലക്കെട്ടായി നൽകുക എന്നത്‌. അതൊരു പക്ഷേ ചാനലിലാകാം അല്ലെങ്കിൽ ഓൺലൈനിലാകാം. അൽപ്പസമയം കഴിഞ്ഞാൽ അവർ തന്നെ അത്‌‌ മുക്കും. പക്ഷെ അതിനകം യു.ഡി.എഫുകാർ അതിന്റെ സ്ക്രീൻഷോട്ട്‌ സാമൂഹിക മാധ്യമങ്ങളിലൂടെ നാടെമ്പാടും പ്രചരിപ്പിച്ചിരിക്കും. യു.ഡി.എഫിന്‌ പ്രചരിപ്പിക്കാനുള്ള സൗകര്യത്തിന്‌ ബോധപൂർവ്വമാണ്‌ വ്യാജവാർത്ത സ്തോഭജനകമായ തലക്കെട്ടുമായി കൊടുക്കുന്നതും, പിന്നീട്‌ മുക്കുന്നതും. യു.ഡി.എഫിന് പ്രചരിപ്പിക്കാൻ സൗകര്യമൊരുക്കിക്കൊടുത്ത ശേഷം‌ ‘വാർത്ത തെറ്റാണെന്ന് കണ്ടപ്പോൾ തന്ന് ഞങ്ങൾ പിൻവലിച്ചല്ലോ’ എന്ന് ‌ഒന്നുമറിയാത്തതുപോലെ നിഷ്കളങ്കത അഭിനയിക്കുകയും ചെയ്യും. ഇതിന് എത്രയോ ഉദാഹരണങ്ങളുണ്ട്…

മീഡിയാ വണ്ണിന്റെ വിശദീകണത്തിലെ അവസാന വാചകം ഇങ്ങനെയാണ്‌. ‘ജാഗ്രതയുണ്ടായിരിക്കണം എന്ന സന്ദേശം ഞങ്ങളുൾക്കൊള്ളുന്നു’‌. നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌. നിങ്ങൾക്കെതിരായ അതീവ ജാഗ്രത. കാരണം മീഡിയാവൺ എന്തും ചെയ്യും എന്തും പറയും.”

ലിങ്കുകൾ:

സി.പി.ഐ.(എം.) പന്ന്യങ്കര (കോഴിക്കോട്) ലോക്കൽ സെക്രട്ടറിയായ വൈശാഖിനെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ദൃശ്യങ്ങളിലാണ് മീഡിയാ വൺ നിറത്തിരുത്ത് വരുത്തിയത്.

ഈ പ്രവർത്തകർ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കാണാം:

1) https://www.facebook.com/watch/?v=1295282927961536

2) വർഷങ്ങളായി അവർ പാടുന്ന പാട്ടുകൾ തന്നെയാണ് അവർ പാടുന്നത് എന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് അനുയോജ്യമായ ചില വരികൾ കൂട്ടിച്ചേർക്കുക മാത്രമാണ് കൂടുതലായി ചെയ്‌തിട്ടുള്ളത് എന്നും വിശദീകരിച്ച് ആ പാട്ടുകൾ പ്രവർത്തകർ പാടുന്നു:

https://www.youtube.com/watch?v=EMvyIb2YVT0

Leave a comment