ലാറ്റിൻ അമേരിക്കയിൽ പിങ്ക് വേലിയേറ്റത്തിന്റെ തിരിച്ചുവരവ്

സുബിൻ ഡെന്നിസ്

(‘ചിന്ത’ വാരിക 2022 ജൂലൈ 8 ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം.)

കൊളൊംബിയയിൽ 2022 ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ ഗുസ്‌താവോ പെത്രോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലാറ്റിൻ അമേരിക്കയിലെ പിങ്ക് വേലിയേറ്റം അതിന്റെ രണ്ടാം വരവിൽ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. ദശകങ്ങളായി യു.എസ്. സാമ്രാജ്യത്വത്തിന്റെ ഒരു പാവ ഭരണകൂടമായി പ്രവർത്തിച്ചുപോന്നിരുന്ന കൊളൊംബിയയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്.

ഈ വർഷം ഒക്‌ടോബറിൽ ബ്രസീലിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂല ദാ സിൽ‌വ ജയിക്കുകയാണെങ്കിൽ ലാറ്റിൻ അമേരിക്കയിലെ എല്ലാ വലിയ രാജ്യങ്ങളിലും സർക്കാരുകൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുന്ന സ്ഥിതിയുണ്ടാകും. ലൂല മത്സരിക്കുന്നത് തടയാൻ ജനാധിപത്യവിരുദ്ധമായ നടപടികൾ ഉണ്ടായില്ലെങ്കിൽ അദ്ദേഹം തന്നെ ജയിക്കും എന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.

ചിലെയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന സാൽ‌വദോർ അയെന്ദെയെ 1973-ൽ യു.എസ്. പിന്തുണയോടെ അട്ടിമറിച്ച് സൈനിക ഭരണം സ്ഥാപിച്ച ഔഗുസ്തോ പിനോച്ചെയുടെ ഭരണകാലം മുതൽ നവലിബറലിസം എന്ന് ഇന്നു നാമറിയുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെ ആദ്യത്തെ പരീക്ഷണശാലയായിരുന്നു ലാറ്റിൻ അമേരിക്ക. യു.എസ്. പിന്തുണയോടെ ലാറ്റിൻ അമേരിക്ക ഭരിച്ച സൈനിക ഭരണകൂടങ്ങൾ ഉൾപ്പെടെയുള്ള വലതുപക്ഷ ഭരണകൂടങ്ങളുടെ നയങ്ങൾ സൃഷ്‌ടിച്ച അരക്ഷിതാവസ്ഥ ജനങ്ങളെ പോരാട്ടങ്ങൾക്കായി തെരുവിലെത്തിച്ചു. സാമ്പത്തിക പ്രതിസന്ധി തൊഴിലാളി-കർഷക വർഗങ്ങളെക്കൂടാതെ മധ്യവർഗത്തെക്കൂടി സാരമായി ബാധിക്കുകയും വിവിധ രാജ്യങ്ങളിൽ ഇടതു പ്രസ്ഥാനങ്ങൾ കൈകോർത്ത് പോരാടുകയും ചെയ്‌തതോടെയാണ് ഇടതുപക്ഷത്തിന് അധികാരത്തിലേയ്‌ക്കുള്ള വഴിതെളിഞ്ഞത്.

ഇങ്ങനെ അധികാരത്തിലെത്തിയ പാർട്ടികളുടെയും നേതാക്കളുടെയും കാഴ്‌ചപ്പാടുകൾ തമ്മിൽ ഭരണകൂടത്തിന്റെ സ്വഭാവം, സാമ്പത്തിക നയങ്ങൾ, വിദേശകാര്യ നയം, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സുപ്രധാനമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എല്ലാവരുടെയും നയങ്ങൾ ഒരുപോലെ “ചുവപ്പ്” അല്ലാത്തതിനാൽ ലാറ്റിൻ അമേരിക്കയിലെ ഇടതുമുന്നേറ്റത്തെ ഒരു പിങ്ക് (ഇളംചുവപ്പ്) വേലിയേറ്റം (Pink Tide) ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.

ലാറ്റിൻ അമേരിക്കയുടെ ഭൂപടം. പ്രദേശത്തെ ഇടതുപക്ഷ രാഷ്‌ട്രീയ പാർട്ടികളുടെ നെറ്റ്‌വർക്കായ സാവോ പോളോ ഫോറത്തിൽ അംഗങ്ങളായ പാർട്ടികൾ ഭരിക്കുന്ന രാജ്യങ്ങളാണ് ചുവപ്പു നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
(ചിത്രത്തിന് കടപ്പാട്: Abcd amureet / വിക്കിമീഡിയ)

വെനെസ്വേല

1998 ഡിസംബറിൽ വെനെസ്വേലയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹ്യൂഗോ ചാവേസ് (Hugo Chávez – സ്പാനിഷ് ഉച്ചാരണം ഊഗോ ചാവേസ് എന്നാണ്) വിജയിച്ചതോടെയാണ് പിങ്ക് വേലിയേറ്റം ആരംഭിക്കുന്നതായി കണക്കാക്കുന്നത്. ചാവേസിന്റെ നേതൃത്വത്തിൽ 1999-ൽത്തന്നെ ഒരു ഭരണഘടനാ നിർമാണ സഭ (Constituent Assembly) വിളിച്ചുചേർത്ത് പുതിയൊരു ഭരണഘടന രൂപപ്പെടുത്തുകയും രാജ്യവ്യാപകമായി എല്ലാ വോട്ടർമാർക്കും പങ്കെടുക്കാവുന്ന ഒരു റെഫെറെണ്ടം നടത്തി പാസ്സാക്കുകയും ചെയ്‌തു. സൗജന്യ വിദ്യാഭ്യാസവും സൗജന്യമായ ആരോഗ്യരക്ഷയും ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ഉൾപ്പെടെയുള്ളവ അവകാശങ്ങളായി സ്ഥാപിക്കുന്ന വകുപ്പുകൾ അടങ്ങുന്നതായിരുന്നു ഈ ഭരണഘടന.

2002 ഏപ്രിലിൽ ചാവേസിനെതിരെ ഒരു വലതുപക്ഷ അട്ടിമറിശ്രമം നടന്നു. സൈന്യത്തിന്റെ ഒരു വിഭാഗം ചാവേസിനെ അറസ്റ്റ് ചെയ്‌തു. എന്നാൽ വെനെസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ സാധാരണക്കാർ വലിയ സംഖ്യയിൽ സംഘടിച്ച് പ്രസിഡന്റിന്റെ വസതി വളയുകയും ടെലിവിഷൻ സ്റ്റേഷനുകൾ പിടിച്ചെടുക്കുകയും ചെയ്‌തതോടെ അട്ടിമറിക്കാർ വിരണ്ടു. സൈന്യത്തിൽ ചാവേസിനോട് കൂറുള്ള വിഭാഗം അദ്ദേഹത്തെ തിരികെയെത്തിച്ചതോടെ അട്ടിമറിശ്രമത്തിന്റെ പരാജയം പൂർത്തിയായി. ഈ സംഭവവികാസങ്ങൾ സോഷ്യലിസത്തിലേയ്‌ക്കുള്ള പാതയിൽ കൂടുതൽ നിശ്ചയദാർഢ്യത്തോടെ നീങ്ങാൻ ചാവേസിനു പ്രേരകശക്തിയായി.

ഊഗോ ചാവേസ്
(ചിത്രത്തിന് കടപ്പാട്: venezuelanalysis.com)

2013 മാർച്ച് അഞ്ചിന് അന്ത്യശ്വാസം വലിക്കുന്നതു വരെ പതിന്നാലു വർഷം പ്രസിഡന്റായിരുന്ന ചാവേസിന്റെ കാലത്ത് വെനെസ്വേല വലിയ മുന്നേറ്റം നടത്തി. ദാരിദ്ര്യവും സാമ്പത്തിക അസമത്വവും വലിയ തോതിൽ കുറച്ചുകൊണ്ടുവരാൻ ചാവേസിന്റെ നയങ്ങൾ വഴി സാധിച്ചു. പ്രീസ്‌കൂൾ മുതൽ ഡോക്‌ടറേറ്റ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. ആരോഗ്യരക്ഷ സൗജന്യവും സാർവ്വത്രികവുമാക്കി. ലോകത്ത് ഏറ്റവുമധികം പെട്രോളിയം എണ്ണസമ്പത്തുള്ള രാജ്യങ്ങളിലൊന്നാണ് വെനെസ്വേല. എണ്ണസമ്പത്തിനു മേലുള്ള സാമൂഹ്യനിയന്ത്രണം ചാവേസിന്റെ ഭരണകാലത്ത് ശക്തിപ്പെടുത്തുകയും എണ്ണയിൽ നിന്നുള്ള വരുമാനം വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ രംഗങ്ങളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്‌തു.

വെനെസ്വേലയിൽ ചാവേസ് നേതൃത്വം നൽകിയ സാമൂഹ്യമാറ്റ പ്രക്രിയയെ അദ്ദേഹം ബൊളിവാറിയൻ വിപ്ലവം എന്നാണ് വിളിച്ചത്. ഇന്നത്തെ വെനെസ്വേല, കൊളൊംബിയ, എക്വദോർ, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളെ സ്പാനിഷ് കൊളോണിയൽ ആധിപത്യത്തിൽ നിന്നും മോചിപ്പിക്കാനായി പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന പോരാട്ടത്തിനു നേതൃത്വം കൊടുത്ത സിമോൺ ബൊളീവറിൽ നിന്നും ഉൾക്കൊള്ളുന്ന പ്രചോദനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ചാവേസ് പ്രസിഡന്റായതിനു ശേഷമാണ് തന്നെ പിന്തുണയ്‌ക്കുന്ന പ്രസ്ഥാനങ്ങൾ ലയിപ്പിച്ച് യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഓഫ് വെനെസ്വേല (പാർതിദോ സോഷ്യലിസ്താ ഊണിദോ ദേ വെനെസ്വേല അഥവാ പി.എസ്.യു.വി.) സ്ഥാപിച്ചത്. ചാവേസിന്റെ മരണത്തെത്തുടർന്ന് പ്രസിഡന്റായ പി.എസ്.യു.വി. നേതാവ് നിക്കൊളാസ് മദൂറോ ചാവേസിന്റെ നയങ്ങൾ തുടർന്നുപോരുന്നു.

നിക്കൊളാസ് മദൂറോ
(ചിത്രത്തിന് കടപ്പാട്: Yuri Cortez / AFP / Getty Images)

ബ്രസീൽ

2002-ൽ ബ്രസീലിൽ നടന്ന തെരഞ്ഞെടുപ്പിൽ വർക്കേഴ്‌സ് പാർട്ടി (പാർചീദോ ദോസ് ത്രബല്യദോറെസ് അഥവാ പി.ടി.) നേതാവായ ലുയിസ് ഇനാസിയോ ലൂല ദാ സിൽ‌വ തെരഞ്ഞെടുക്കപ്പെട്ടതാണ് പിങ്ക് വേലിയേറ്റത്തിലെ അടുത്ത വലിയ നാഴികക്കല്ലായത്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലുതും ഏറ്റവും ജനസംഖ്യയുള്ളതുമായ രാജ്യമാണ് ബ്രസീൽ. 1964 മുതൽ 1985 വരെ സൈനിക ഏകാധിപത്യത്തിനു കീഴിലായിരുന്ന ബ്രസീലിൽ 1970-കൾ മുതൽ തൊഴിലാളി യൂണിയൻ മുന്നേറ്റങ്ങൾ നയിച്ചുകൊണ്ടാണ് ലൂല നേതാവായി വളർന്നത്. സൈനിക ഭരണകൂടത്തിന്റെ തീട്ടൂരങ്ങൾ ലംഘിച്ചുകൊണ്ട് ലൂല സമരങ്ങൾ നയിച്ചു. ലൂല ഉൾപ്പെടെയുള്ളവർ ചേർന്ന് 1980-ൽ വർക്കേഴ്‌സ് പാർട്ടി സ്ഥാപിച്ചു.

സൈനിക ഭരണം അവസാനിച്ച് 17 വർഷത്തിനു ശേഷം രാജ്യത്തിന്റെ പരമോന്നതപദവിയിലെത്തിയ ലൂല രണ്ടുവട്ടം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലൂല അധികാരമൊഴിയുന്ന 2010-ൽ അദ്ദേഹത്തിന്റെ അപ്പ്രൂവൽ റേറ്റിംഗ് (അഭിപ്രായ സർവേകളിൽ ലൂലയെ അനുകൂലിക്കുന്നവരുടെ ശതമാനം) 80 ശതമാനമായിരുന്നു. ഒരുപക്ഷേ മുതലാളിത്ത ലോകത്തെ ഏറ്റവും ജനപ്രിയനായ രാജ്യത്തലവൻ ആയിരുന്നിരിക്കണം അദ്ദേഹം. ലൂലയ്‌ക്കു ശേഷം വർക്കേഴ്‌സ് പാർട്ടിയുടെ തന്നെ നേതാവ് ദിൽമാ റൂസ്സേഫ് പ്രസിഡന്റായി. ലൂലയുടെയും ദിൽമയുടെയും ഭരണകാലത്ത് വരുമാന അസമത്വം 10 ശതമാനം കുറഞ്ഞു, 4 കോടി ജനങ്ങൾ തീവ്ര ദാരിദ്യത്തിൽ നിന്നും കരകയറി. പൊതു വിദ്യാഭ്യാസവും സാമൂഹ്യസുരക്ഷയും ശക്തിപ്പെട്ടു.

ബൊളീവിയ

2005 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബൊളീവിയയിൽ ഇടതുപക്ഷ നേതാവായ ഏവോ മൊറാലെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1995-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട മൂവ്മെന്റ് ഫോർ സോഷ്യലിസം (മൂവിമിയെന്തോ അൽ സോഷ്യലിസ്‌മോ അഥവാ എം.എ.എസ്.) മൂന്നു ലാറ്റിൻ അമേരിക്കൻ രാഷ്‌ട്രീയ ധാരകൾ സമന്വയിപ്പിച്ചു. യു.എസ്. സാമ്രാജ്യത്വത്തിനോടുള്ള ശക്തമായ എതിർപ്പ്, സോഷ്യലിസ്റ്റ് രാഷ്‌ട്രീയം, തദ്ദേശജനതകളുടെ പോരാട്ടങ്ങൾ എന്നിവയായിരുന്നു ഈ ധാരകൾ. 2000-കളുടെ ആദ്യപകുതിയിൽ ജലവും പ്രകൃതിവാതകവും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരായ വമ്പൻ പ്രക്ഷോഭങ്ങൾ രാജ്യത്തെ ഇളക്കിമറിക്കുകയും വലതുപക്ഷ ഭരണാധികാരികളുടെ രാജിയിലേയ്‌ക്കു നയിക്കുകയും ചെയ്‌തു.

അധികാരത്തിലെത്തി ഏറെത്താമസിയാതെ തന്നെ മൊറാലെസ്  പെട്രോളിയം വിഭവങ്ങൾ ദേശസാൽക്കരിച്ചു. പിന്നീട് വിവിധ ധാതുവിഭവങ്ങൾ, വൈദ്യുതി തുടങ്ങിയ മേഖലകളും ദേശസാൽക്കരിക്കപ്പെട്ടു. സർക്കാരിന്റെ വരുമാനം വർദ്ധിച്ചതോടെ പൊതുവിദ്യാഭ്യാസം, പൊതുമേഖലയിലുള്ള ആരോഗ്യരക്ഷ, പെൻഷൻ, ദാരിദ്ര്യ നിർമാർജന പദ്ധതികൾ, തദ്ദേശ ജനതയ്‌ക്കായുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ ചെലവു ചെയ്യാൻ സാധിച്ചു. സാമ്പത്തിക വളർച്ച വർദ്ധിച്ചു. ദാരിദ്ര്യവും അസമത്വവും വലിയ തോതിൽ കുറഞ്ഞു. വെനെസ്വേലയിലെന്നതുപോലെ തന്നെ ബൊളീവിയയും കൂടുതൽ പുരോഗമനപരമായ ഒരു ഭരണഘടന രൂപപ്പെടുത്തുകയും 2009-ൽ റെഫെറെണ്ടം നടത്തി അംഗീകരിക്കുകയും ചെയ്‌തു.

ഏവോ മൊറാലെസ്
(ചിത്രത്തിന് കടപ്പാട്: Mark Garten, UN Photo)

നിക്കരാഗ്വ

നാലു ദശകക്കാലം യു.എസ്. പിന്തുണയോടെ നിക്കരാഗ്വ ഭരിച്ച സൊമോസ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തെ പുറത്താക്കി 1979-ൽ സാന്ദിനീസ്‌താ ദേശീയ വിമോചന മുന്നണി അധികാരത്തിലേറിയിരുന്നു. ദാനിയെൽ ഒർത്തേഗയുടെ നേതൃത്വത്തിൽ 19 വർഷക്കാലം സാന്ദിനീസ്‌താ മുന്നണി രാജ്യം ഭരിച്ചു. 1990-ൽ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടതിനെത്തുടർന്ന് നിക്കരാഗ്വയിൽ 17 വർഷം സർക്കാരുകൾ നവലിബറൽ നയങ്ങൾ നടപ്പിലാക്കി.

2006-ൽ ഒർത്തേഗ വീണ്ടും തെരഞ്ഞെടുപ്പു ജയിച്ച് പ്രസിഡന്റായി. അതിനുശേഷം നടപ്പിലാക്കിയ നയങ്ങളുടെ ഫലമായി ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരുടെ ശതമാനം 2005-ൽ 48.3 ആയിരുന്നത് 2016 ആയപ്പോഴേയ്‌ക്കും 24.9 ആയി കുറയ്‌ക്കാൻ സാധിച്ചു. മാതൃമരണനിരക്ക് 70 ശതമാനം കണ്ട് കുറഞ്ഞു, ശിശുമരണനിരക്ക് 61 ശതമാനം കണ്ട് കുറഞ്ഞു. ആറു മുതൽ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് 66 ശതമാനം കണ്ട് കുറഞ്ഞു.

ദാനിയെൽ ഒർത്തേഗ
(ചിത്രത്തിന് കടപ്പാട്: Infobae)

മറ്റു രാജ്യങ്ങൾ

2007 മുതൽ 2017 വരെ എക്വദോറിന്റെ പ്രസിഡന്റായിരുന്ന റഫായേൽ കൊറെയ, ഊഗോ ചാവേസിനെയും ഏവോ മൊറാലെസിനെയും പോലെ ഇടതുപക്ഷക്കാരുടെയിടയിൽ ആവേശമുണർത്തിയിരുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് എണ്ണ വരുമാനത്തിൽ വിദേശ കമ്പനികൾക്ക് ലഭിക്കുന്ന പങ്ക് വെട്ടിക്കുറയ്‌ക്കുകയും സർക്കാരിന്റെ പങ്ക് 13 ശതമാനത്തിൽ നിന്നും 87 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്‌തു. ഏഴ് വിദേശക്കമ്പനികൾ രാജ്യം വിട്ടപ്പോൾ അവരുടെ എണ്ണപ്പാടങ്ങൾ സർക്കാർ കമ്പനികൾ ഏറ്റെടുത്തു. കോർപ്പറേറ്റ് കമ്പനികൾക്കു മേലുള്ള നികുതി ഉൾപ്പെടെയുള്ള പ്രത്യക്ഷ നികുതികൾ വഴിയുള്ള വരുമാനം വർദ്ധിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പൊതുമേഖലയിലുള്ള ഭവനപദ്ധതികൾ മുതലായ മേഖലകളിൽ നിക്ഷേപം വലിയ തോതിൽ വർദ്ധിപ്പിച്ചു. മൂന്നുവട്ടം പ്രസിഡന്റായിരുന്നതിനു ശേഷം കൊറെയ 2017-ൽ അധികാരമൊഴിഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നിരവധി സർക്കാരുകളെ കടപുഴക്കിയ അർഹെന്തീനയിൽ (Argentina) 2003-ൽ പ്രസിഡന്റായ നെസ്‌തോർ കിർഷ്‌നെർ ഇടതുപക്ഷ അനുഭാവം പുലർത്തിയ ഭരണാധികാരിയായിരുന്നു. അന്താരാഷ്‌ട്ര നാണയ നിധിയെയും (ഐ.എം.എഫ്.) അന്താരാഷ്‌ട്ര ധനമൂലധനത്തെയും ധിക്കരിച്ച് അവർ അടിച്ചേൽപ്പിച്ച നയങ്ങൾ തിരുത്തിയ അദ്ദേഹത്തിന്റെ നയങ്ങൾ, സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഒരളവുവരെ കരകയറാൻ അർഹെന്തീനിയൻ ജനതയെ സഹായിച്ചു. 2007-ൽ പ്രസിഡന്റായ ക്രിസ്‌തീനാ കിർഷ്‌നെറും അദ്ദേഹത്തിന്റെ നയങ്ങൾക്ക് തുടർച്ച നൽകിക്കൊണ്ടാണ് പ്രവർത്തിച്ചത്.

എൽ സാൽ‌വദോറിൽ ദീർഘകാലം ജനാധിപത്യത്തിനായി ഗറിലാ സമരം നയിച്ച ഫറാബുന്ദോ മാർത്തി ദേശീയ വിമോചന മുന്നണിയുടെ (എഫ്.എം.എൽ.എൻ.) സ്ഥാനാർത്ഥി മൗറീസിയോ ഫൂനേസ് 2009-ൽ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014-ൽ എഫ്.എം.എൽ.എൻ. സ്ഥാനാർത്ഥിയായ സാൽ‌വദോർ സാഞ്ചേസ് സെരേൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഉറുഗ്വായിയിൽ പ്രസിഡന്റുമാരായിരുന്ന തബാരേ വാസ്‌കേസ്, ഹൊസേ മൂഹിക്ക എന്നിവരും, പാരഗ്വായിയിൽ പ്രസിഡന്റായിരുന്ന ഫെർണാന്ദോ ലൂഗോയും, ഓന്ദൂറാസിന്റെ (Honduras) പ്രസിഡന്റായിരുന്ന മനുവേൽ സെലായയും പിങ്ക് വേലിയേറ്റത്തിന്റെ ഭാഗമായി കരുതപ്പെടുന്ന ഭരണാധികാരികളിൽപ്പെടുന്നവരാണ്.

തിരിച്ചടികൾ

ഓന്ദൂറാസിന്റെ ഇടതുപക്ഷക്കാരൻ പ്രസിഡന്റ് മനുവേൽ സെലായ 2009-ൽ പട്ടാള അട്ടിമറി വഴി അധികാരഭ്രഷ്‌ടനാക്കപ്പെട്ടു എങ്കിലും 2010-കളുടെ മധ്യം വരെയുള്ള കാലം ലാറ്റിൻ അമേരിക്കയിൽ പിങ്ക് വേലിയേറ്റം ശക്തമായിത്തുടർന്ന ഘട്ടമായി കണക്കാക്കാവുന്നതാണ്.

എന്നാൽ പെട്രോളിയവും ധാതുലവണങ്ങളും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെയും കാർഷികോത്പന്നങ്ങളുടെയും കയറ്റുമതി വലിയ വരുമാന മാർഗമായ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ഇത്തരം ഉത്പന്നങ്ങളുടെ വിലയിൽ 2010-കളുടെ മധ്യത്തോടടുപ്പിച്ച് വിശേഷിച്ചും ഉണ്ടായ തകർച്ച സാമ്പത്തിക പ്രയാസമുണ്ടാക്കി.

ഈ അവസരം മുതലെടുത്ത് ഇടതുപക്ഷ ഭരണാധികാരികളെ പുറത്താക്കാനുള്ള തന്ത്രങ്ങൾ യു.എസ്. സാമ്രാജ്യത്വവും ലാറ്റിൻ അമേരിക്കൻ വലതുപക്ഷവും ശക്തിപ്പെടുത്തി.

2016-ൽ ബ്രസീലിൽ പ്രസിഡന്റ് ദിൽമാ റൂസ്സേഫിനെ വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇം‌പീച്ച് ചെയ്‌ത് വലതുപക്ഷം അധികാരം പിടിച്ചെടുത്തു. ലൂല ദാ സിൽ‌വയെ വ്യാജ അഴിമതി ആരോപണങ്ങളുടെ പേരിൽ ജയിലിലടച്ചു. അർജന്റീനയിൽ വലതുപക്ഷം തെരഞ്ഞെടുപ്പു ജയിച്ചു. എൽ സാൽ‌വദോറിൽ എഫ്.എം.എൽ.എൻ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

എക്വദോറിൽ റഫായേൽ കൊറെയയുടെ പിൻ‌ഗാമിയായി, കൊറെയയുടെ തന്നെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി ജയിച്ച ലെനിൻ മൊറേനോ, പ്രസിഡന്റായതിനു ശേഷം വലത്തേയ്‌ക്കു തിരിഞ്ഞ് വഞ്ചകനാകുന്ന കാഴ്‌ചയും കണ്ടു.

ബൊളീവിയയിൽ യു.എസ്. പിന്തുണയോടെ ഫാഷിസ്റ്റുകളുടെ നേതൃത്വത്തിൽ ഇടതുപക്ഷത്തിനെതിരെ അട്ടിമറി നടത്തി തീവ്ര വലതുപക്ഷം അധികാരത്തിലേറി.

തിരിച്ചുവരവ്

പ്രതിസന്ധികൾക്കെതിരെ പടപൊരുതി ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ലാറ്റിൻ അമേരിക്ക സാക്ഷ്യം വഹിക്കുന്നത്.

മേഹികോയിൽ (Mexico) 2018-ൽ നാഷണൽ റീജെനെറേഷൻ മൂവ്മെന്റ് (മൊറേന) എന്ന ഇടതുപക്ഷ പാർട്ടിയുടെ സ്ഥാനാർത്ഥിയായ ആന്ദ്രേസ് മനുവേൽ ലോപ്പേസ് ഓബ്രദോർ (AMLO – ആം‌ലോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ചരിത്രമുഹൂർത്തമായി. കൂബ, വെനെസ്വേല, നിക്കരാഗ്വ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ ഭരണാധികാരികളുമായി അടുത്ത ബന്ധം സ്ഥാപിച്ചുകൊണ്ടാണ് ആം‌ലോ പ്രവർത്തിക്കുന്നത്. ലോകത്തേറ്റവുമധികം ലിഥിയം നിക്ഷേപമുള്ള രാജ്യങ്ങളിലൊന്നായ മേഹികോ ഈ വർഷം ലിഥിയം ഖനനം ദേശസാൽക്കരിച്ചുകൊണ്ട് നിയമം പാസ്സാക്കുകയുണ്ടായി. ഹരിതോർജ്ജത്തിന് വലിയ പ്രാമുഖ്യമുണ്ടാകാൻ പോകുന്ന വരുംകാലത്ത്, ബാറ്ററികളിൽ ഉപയോഗിക്കുന്ന ലിഥിയത്തിന്റെ നിയന്ത്രണം സുപ്രധാനമായ ഒരു വിഷയമാണ്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള നിയന്ത്രണം സമൂഹത്തിന്റെ കയ്യിലായിരിക്കണം എന്ന ഇടതുപക്ഷ നയം തന്നെയാണ് വെനെസ്വേല, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ സർക്കാരുകളെപ്പോലെ മേഹികോയിലെ ഇടതുപക്ഷ സർക്കാരും പിന്തുടരാൻ ശ്രമിക്കുന്നത് എന്നതിന്റെ സൂചനയാണിത്.

ആന്ദ്രേസ് മനുവേൽ ലോപ്പേസ് ഓബ്രദോർ (ആം‌ലോ)
(ചിത്രത്തിന് കടപ്പാട്: Xinhua / Zuma Press)

ബ്രസീലിൽ ലൂല ദാ സിൽ‌വയെ ജയിലിൽ നിന്നും മോചിപ്പിക്കാനായി വലിയ പ്രതിഷേധങ്ങളും പ്രചാരണവും നടന്നു. “Lula Livre“ (Free Lula – ലൂലയെ മോചിപ്പിക്കുക) എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം. ലൂലയെ തുറങ്കിലടച്ച നടപടി തെറ്റാണെന്ന് 2019 നവംബറിൽ സുപ്രീം ഫെഡറൽ കോടതി വിധിച്ചതിനെത്തുടർന്ന് ലൂല ജയിൽമോചിതനായി. ലൂലയ്‌ക്കെതിരെയുള്ള കേസിന് മേൽ‌നോട്ടം വഹിച്ച ജഡ്‌ജി പക്ഷപാതിത്വം കാണിച്ചതായി കോടതി പിന്നീട് വിധിച്ചു. ലൂലയ്‌ക്കെതിരായ വിവിധ കേസുകൾ കോടതി തള്ളി. വമ്പിച്ച ആവേശത്തോടെയാണ് ജനങ്ങൾ തിരികെയെത്തിയ തങ്ങളുടെ ജനപ്രിയ നേതാവിനെ സ്വീകരിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അഭിപ്രായ സർവേകളിൽ ലൂല ബഹുദൂരം മുന്നിലാണ്.

ലൂല ദാ സിൽ‌വ 2019-ൽ ജയിൽ മോചിതനായി പുറത്തുവന്നപ്പോൾ. “Lula Livre” എന്ന മുദ്രാവാക്യത്തെ സൂചിപ്പിക്കുന്ന “L” മുദ്ര അനുയായികൾ ഉയർത്തിപ്പിടിക്കുന്നത് കാണാം.
(ചിത്രത്തിന് കടപ്പാട്: AFP / Getty Images)

ബൊളീവിയയിൽ വലതുപക്ഷ അട്ടിമറിക്കെതിരെ ഉശിരൻ പ്രക്ഷോഭങ്ങൾ നടന്നു. ഒടുവിൽ 2020-ൽ തെരഞ്ഞെടുപ്പു നടത്താൻ ഭരണകൂടം നിർബന്ധിതരായി. മൊറാലെസിന്റെ പാർട്ടിയായ എം.എ.എസിന്റെ സ്ഥാനാർത്ഥി ലൂയിസ് ആർസേ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ബൊളീവിയയിലെ പിങ്ക് വേലിയേറ്റത്തിനു സംഭവിച്ച ഇടവേളയ്‌ക്ക് അവസാനമായി. അട്ടിമറി നടത്തി പ്രസിഡന്റായി സ്വയം അവരോധിച്ച ജനീനെ അന്യേസ് ഇരുമ്പഴികൾക്കുള്ളിലായി.

2019-ൽ അർഹെന്തീനയിൽ ഇടതുപക്ഷ ആഭിമുഖ്യമുള്ള അൽബേർത്തോ ഫെർണാന്ദെസ് പ്രസിഡന്റായും ക്രിസ്‌തീനാ കിർഷ്‌നെർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

2021-ൽ പെറുവിൽ പെദ്രോ കാസ്‌തിയോയും 2022-ൽ ഓന്ദൂറാസിൽ സിയൊമാരാ കാസ്‌ത്രോയും പ്രസിഡന്റ് തെരഞ്ഞെടുപ്പു ജയിച്ച ഇടതുപക്ഷക്കാരായി.

നവലിബറൽ നയങ്ങൾക്കെതിരെ വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ഭീമൻ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ച ചിലെയിൽ മോഡറേറ്റ് ഇടതുപക്ഷക്കാരനായ ഗബ്രിയേൽ ബോറിക് ഈ വർഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മുമ്പു തന്നെയുള്ള ഇടതുചായ്‌വുള്ള രാഷ്‌ട്രീയ പാർട്ടികൾക്കൊപ്പം ഇക്കഴിഞ്ഞ ദശകത്തിൽ നടന്ന കർഷകരുടെയും തദ്ദേശ ജനതയുടെയും സമരങ്ങളുടെ ഊർജ്ജവും സമന്വയിപ്പിച്ച് കൊളൊംബിയയിൽ ഗുസ്‌താവോ പെത്രോയുടെ നേതൃത്വത്തിൽ ഹിസ്റ്റോരിക് പാക്റ്റ് സഖ്യം ജൂണിൽ അധികാരത്തിലെത്തി.

ഗുസ്‌താവോ പെത്രോ.
(ചിത്രത്തിന് കടപ്പാട്: Yuri Cortez / AFP / Getty Images)

ചക്രവാളങ്ങൾ

ലാറ്റിൻ അമേരിക്കയിൽ വിവിധ രാജ്യങ്ങളിൽ അധികാരത്തിലെത്തിയിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സോഷ്യലിസത്തെപ്പറ്റി പല തരത്തിലുള്ള കാഴ്‌ചപ്പാടുകളാണുള്ളത്. അതു മാത്രവുമല്ല, സോഷ്യലിസം കെട്ടിപ്പടുക്കാൻ വേണ്ടുന്ന സംഘടനാ ശേഷിയുടെ കാര്യത്തിലും ലാറ്റിൻ അമേരിക്കയിലെ വിവിധ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സമൂഹങ്ങളും തമ്മിൽ വളരെയധികം വ്യത്യാസങ്ങളുണ്ട്. വിവിധ രാജ്യങ്ങളിലെ ഇടതു ഭരണാധികാരികൾ സ്വീകരിക്കാനിരിക്കുന്ന നയങ്ങൾ, അവിടങ്ങളിലെ ഇടതു പ്രസ്ഥാനങ്ങളുടെ കാഴ്‌ചപ്പാടുകൾക്കും പോരാട്ടങ്ങൾക്കും ഒപ്പം ആഗോളതലത്തിലെ സംഭവ വികാസങ്ങളെയും കൂടി ആശ്രയിച്ചായിരിക്കും.

കൂടുതൽ ശക്തമായ സോഷ്യലിസ്റ്റ് ആഭിമുഖ്യവും സാമ്രാജ്യത്വ വിരുദ്ധതയും പ്രകടമാക്കുന്ന വെനെസ്വേല പോലെയുള്ള രാജ്യങ്ങൾക്ക് യു.എസിന്റെ ശത്രുത കൂടുതലായി നേരിടേണ്ടിവരുന്നുണ്ട്. സോഷ്യലിസ്റ്റ് കൂബ, വെനെസ്വേല, നിക്കരാഗ്വ എന്നിവയ്‌ക്കെതിരെ യു.എസ്. ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ അവശ്യ സാധനങ്ങൾ അന്താരാഷ്‌ട്ര വിപണിയിൽ നിന്നും വാങ്ങുന്നതിനും കയറ്റുമതി നടത്തുന്നതിനും ഒക്കെ ദുർഘടം സൃഷ്‌ടിക്കുന്നുണ്ട്. യു.എസ്. പിന്തുണയോടെ പല തരത്തിലുള്ള അട്ടിമറി ശ്രമങ്ങളും തുടരുന്നുണ്ട്.

സാമ്രാജ്യത്വം ഉയർത്തുന്ന ഭീഷണികളെ നേരിടാൻ ജനങ്ങളെ അണിനിരത്തുക എന്ന മാർഗമാണ് കൂബയെപ്പോലെ തന്നെ വെനെസ്വേലയും സ്വീകരിച്ചിരിക്കുന്നത്. വിപ്ലവത്തെ സംരക്ഷിക്കാനുള്ള സേനയിൽ സായുധ പരിശീലനം നൽകി ജനങ്ങളെ അണിനിരത്തുന്ന സിവിൽ-മിലിട്ടറി യൂണിയൻ എന്ന രീതിയാണ് വെനെസ്വേല അനുവർത്തിക്കാൻ ശ്രമിക്കുന്നത്. അതോടൊപ്പം അധികാര വികേന്ദ്രീകരണം നടത്തി, ഭക്ഷ്യോത്പാദനവും ഭവനപദ്ധതികളും മുതൽ ആശയവിനിമയവും ബാങ്കിംഗും വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണുകൾ സൃഷ്‌ടിച്ച് വിപ്ലവത്തെ കൂടുതൽ ആഴപ്പെടുത്താനുമുള്ള ശ്രമങ്ങളും നടത്തുന്നു.

ഇടതുപക്ഷ നയങ്ങൾ നടപ്പാക്കുമ്പോൾ സാമ്രാജ്യത്വ ചേരിയിൽ നിന്നും വളരെയധികം ആക്രമണങ്ങൾ നേരിടേണ്ടിവരും എന്നത് വ്യക്തമാണ്. സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള ശ്രമങ്ങളുണ്ടാകും. ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ വളരെയധികം ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇതിനാൽത്തന്നെ ഒട്ടനവധി അവശ്യ‌വസ്‌തുക്കൾ സ്വന്തമായി ഉത്‌പാദിപ്പിക്കാനുള്ള ശേഷി നേടുക അത്യാവശ്യമായി വരും. എന്നാൽ ലാറ്റിൻ അമേരിക്കയിൽ പലതും ചെറിയ രാജ്യങ്ങളായതിനാൽ ഒരുപാടു സാധനങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കില്ല എന്ന പരിമിതിയുണ്ട്. സഹായിക്കാൻ തയ്യാറുള്ള മറ്റു രാജ്യങ്ങളുമായി സഹകരിച്ച് അവശ്യവസ്‌തുക്കൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നതാണ് ഒരു പോംവഴി. അതോടൊപ്പം സ്വന്തമായി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തേണ്ടിവരും. ചില മേഖലകളിൽ കൂബ ഇത്തരത്തിൽ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇപ്പോൾ കൂടുതലായി ചൈനയുമായി യോജിച്ച് പ്രവർത്തിച്ചുകൊണ്ടുള്ള ഗവേഷണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.

കൂബയുടെ പ്രസിഡന്റ് മിഗേൽ ദീയാസ് കനേൽ
(ചിത്രത്തിന് കടപ്പാട്: Estudio Revolución)

ഉപരോധത്തെ വെല്ലുവിളിച്ചുകൊണ്ട്, ഉപരോധത്തിനിരയായ രാജ്യങ്ങളുമായി വ്യാപാരത്തിൽ ഏർപ്പെടുക മറ്റു രാജ്യങ്ങൾക്കും എളുപ്പമല്ല എന്നതും വലിയ വെല്ലുവിളിയാണ്.

കൂടുതൽ രാജ്യങ്ങളിൽ ഇടതുപക്ഷം അധികാരത്തിലെത്തുന്നത് പരസ്‌പര സഹകരണം വഴി ഉപരോധങ്ങളെയും അട്ടിമറി ശ്രമങ്ങളെയും മറ്റ് സാമ്രാജ്യത്വ ആക്രമണങ്ങളെയും നേരിടാൻ ലാറ്റിൻ അമേരിക്കൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തി പകരും.

Leave a comment