ഇന്ത്യയും മോദി എന്ന ചോദ്യവും: ബിബിസി ഡോക്യുമെന്ററിയെപ്പറ്റി ചില ചിന്തകൾ

സുബിൻ ഡെന്നിസ്

26 January 2023

1) ബിബിസിയുടെ “India: The Modi Question” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുകൊണ്ട് ഇടതുപക്ഷം ഉൾപ്പെടെയുള്ള മതേതര-ജനാധിപത്യ ശക്തികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ? അതോ ഗുജറാത്ത് കൂട്ടക്കൊലയുടെ ക്രെഡിറ്റ് ആഘോഷിച്ച് കൂടുതൽ വോട്ടു നേടാൻ ബിജെപിക്ക് സൗകര്യമൊരുക്കുകയായിരിക്കുമോ ഇതിന്റെ ഫലം?

ബിജെപി സർക്കാരും ആർഎസ്എസ് നിയന്ത്രിക്കുന്ന സംഘടനകളും ഈ ഡോക്യുമെന്ററിയോടും, ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന പരിശ്രമങ്ങളോടും പ്രതികരിക്കുന്ന രീതി പരിശോധിച്ചാൽത്തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. ആർഎസ്എസ്സും ബിജെപിയും ശക്തമായ പ്രദേശങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം തടയാനാണ് അവരുടെ പോഷകസംഘടനകൾ ശ്രമിക്കുന്നത്. പലയിടങ്ങളിലും അധികാര സ്ഥാപനങ്ങളെയും പൊലീസിനെയും ഉപയോഗിച്ചുതന്നെ പ്രദർശനം തടയുന്നു. പ്രദർശനം നടത്താൻ ശ്രമിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു, പ്രദർശനത്തിനെത്തുന്നവരെ സംഘപരിവാർ പ്രവർത്തകർ ആക്രമിക്കുന്നു. ഈ ഡോക്യുമെന്ററിയുടെ സന്ദേശം ബിജെപിക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന ഒന്നാണെങ്കിൽ, അത് പ്രദർശിപ്പിക്കാൻ ബിജെപി തന്നെ മുൻ‌കൈ എടുക്കുകയാണല്ലോ വേണ്ടത്. കുറഞ്ഞ പക്ഷം ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത് തടയാതിരിക്കുകയെങ്കിലും ചെയ്യാം. എന്നാൽ സംഭവിക്കുന്നത് അതല്ല എന്നത് വ്യക്തം.

2) ഈ ഡോക്യുമെന്ററിയിൽ നിന്നും വെട്ടിയെടുത്ത ചില ഭാഗങ്ങൾ പ്രദർശിപ്പിച്ച് ബിജെപിക്കാർ തങ്ങളുടെ രാഷ്‌ട്രീയത്തിലേയ്‌ക്ക് ആളുകളെ ആകർഷിക്കുമോ?

അങ്ങനെ നേട്ടമുണ്ടാക്കാൻ പറ്റുന്ന തരത്തിലുള്ള വിഡിയോകൾ അവർ നേരത്തെ മുതലേ പ്രചരിപ്പിക്കാറുള്ളതാണ്. ഈ ഡോക്യുമെന്ററിയിൽ കാണിക്കുന്ന ചില ദൃശ്യങ്ങൾ (മുസ്ലിംകളെ സംഘപരിവാർ അക്രമികൾ തല്ലുന്നതും മറ്റും) അങ്ങനെ അവർ പ്രചരിപ്പിച്ചിട്ടുള്ളതുതന്നെയാണ്. അതിന് അവർക്ക് ഈ ഡോക്യുമെന്ററിയുടെ ആവശ്യമില്ല എന്നു തന്നെയല്ല, ഈ ചിത്രത്തിൽ നിന്നും ആ ദൃശ്യങ്ങൾ എടുത്ത് അതുപടി പ്രദർശിപ്പിക്കുന്നതുകൊണ്ട് അവർക്ക് ദോഷമാണുള്ളതു താനും. കാരണം, ഈ ചിത്രത്തിൽ ആ ദൃശ്യങ്ങൾ കാണിക്കുന്നത് അത്തരം അക്രമങ്ങൾ തെറ്റാണ് എന്ന സന്ദേശം വ്യക്തമായി നൽകുന്ന സംഭാഷണശകലങ്ങൾ, പശ്ചാത്തലസംഗീതം, വിവരണം, എന്നിവയ്‌ക്കൊപ്പമാണ്. ബിജെപിക്ക് നേട്ടമുണ്ടാക്കണമെങ്കിൽ അതെല്ലാം മാറ്റണം. അതൊന്നുമില്ലാത്ത തരം വിഡിയോസ് അവരുടെ പക്കൽ ഇപ്പോൾത്തന്നെയുണ്ടു താനും. ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുകൊണ്ട് അവർക്ക് നേട്ടമല്ല ഉണ്ടാവുക എന്നർത്ഥം.

3) ചിത്രം കണ്ടവരും കാണാൻ പോകുന്നവരും ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി നന്നായി അറിയുന്നയാളുകൾ തന്നെയാണോ?

ഗുജറാത്ത് കൂട്ടക്കൊല നടന്നിട്ട് 21 വർഷമായി എന്നതാണ് ഇതിന് ഏറ്റവും ഒബ്‌വിയസ് ആയ മറുപടി. അക്കാലത്തെ വാർത്തകളും ചർച്ചകളും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഒരു തലമുറ ഇവിടെ വളർന്നുവന്നു കഴിഞ്ഞു. മോദിക്ക് തുടർച്ചയായ വിജയങ്ങൾ സമ്മാനിച്ച വർഗീയ ധ്രുവീകരണം ഉണ്ടായതെങ്ങനെ എന്നതിനെപ്പറ്റി അറിവുള്ളവരല്ല അവരിൽ ഭൂരിഭാഗവും.

ഇക്കാലത്തിനിടയിൽത്തന്നെ മാധ്യമലോകം കൂടുതലായി സംഘപരിവാർ അനുകൂലമായി മാറിക്കഴിഞ്ഞതിനാൽ ബിജെപി-അനുകൂല പ്രചാരണം അല്ലാത്ത വാർത്തകളും വിശകലനവും വായിക്കാനും കാണാനും അവസരമുള്ളവരുടെ എണ്ണം കുറയുകയാണ് ചെയ്‌തിരിക്കുന്നത്. അതിനാൽത്തന്നെ അടുത്തകാലത്തെ സംഭവങ്ങളെപ്പറ്റി വിമർശനാത്മകമായ വിവരണങ്ങളും വ്യാഖ്യാനങ്ങളും ലഭിക്കുന്നതും ബുദ്ധിമുട്ടായി. ഈ സംഭവങ്ങളിൽ ചിലതിനെപ്പറ്റിയാണല്ലോ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം. മുസ്ലിംകളുടെ ആൾക്കൂട്ടക്കൊലപാതകങ്ങൾ, ജമ്മു-കശ്മീർ സംസ്ഥാനം ഇല്ലാതാക്കിയത്, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ മുതലായവയെ പരാമർശിക്കുന്ന രണ്ടാം ഭാഗം, കോവിഡ് കാലത്ത് പലരും മറന്ന കാര്യങ്ങളെ സംബന്ധിച്ച ഒരു ഓർമപ്പെടുത്തലാണ്.

പോരെങ്കിൽ ഗുജറാത്ത് കൂട്ടക്കൊലയുടെ കാലത്ത് അതിനെപ്പറ്റിയുള്ള വാർത്തകൾ കാര്യമായി പിന്തുടർന്നിരുന്ന എല്ലാവർക്കും പ്രധാന വിശദാംശങ്ങൾ പിടികിട്ടിയിരുന്നു എന്നും കരുതാനാവില്ല. അതിനെപ്പറ്റി അറിവുള്ളവരിൽ പലരും പല പ്രധാന കാര്യങ്ങളും ഇതിനകം മറന്നിട്ടുമുണ്ടാകും. കൂട്ടക്കൊല നടക്കുമ്പോൾ അത് തടയാൻ ഇടപെടരുത് എന്ന് മോദി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു എന്ന കാര്യം നിരവധി സാക്ഷിമൊഴികളുടെ സഹായത്താൽ സമർത്ഥിക്കുകയാണ് ബിബിസി ഡോക്യുമെന്ററി ചെയ്‌തിരിക്കുന്നത്. ഗുജറാത്തിൽ 2000 മുസ്ലിംകൾ കൂട്ടക്കൊല ചെയ്‌തതിനെപ്പറ്റിയുള്ള പ്രധാനപ്പെട്ട വിശദാംശങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസ്സിലാക്കാൻ സഹായകരമാകുന്ന രീതിയിൽ കാഴ്‌ചക്കാരിലേയ്‌ക്ക് എത്തിക്കാൻ സാധിച്ചു എന്നതാണ് ഈ ഡോക്യുമെന്ററിയുടെ ഗുണം. ഈ സംഭവവികാസങ്ങളൊക്കെ സൂക്ഷ്‌മമായി നിരീക്ഷിച്ചിരുന്നവർക്കും പ്രയോജനം ചെയ്യുന്ന ആഖ്യാനമാണ് ചിത്രത്തിലുള്ളത്.

ചുരുക്കിപ്പറഞ്ഞാൽ കുറെയധികം പേർക്ക് രാഷ്‌ട്രീയവിദ്യാഭ്യാസത്തിനുള്ള അവസരമൊരുങ്ങുകയാണ് ഈ ചിത്രത്തിന്റെ വരവു വഴി ഉണ്ടായിരിക്കുന്നത്.

4) വർഗീയതയെപ്പറ്റിയോ ഹിന്ദുത്വ ഭീകരതയെപ്പറ്റിയോ ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റിത്തന്നെയോ ഉള്ള ഒരേയൊരു ഡോക്യുമെന്ററിയല്ല ഇത് എന്നത് പ്രത്യേകം പറയേണ്ടതില്ല.

തീർച്ചയായും അല്ല. ആനന്ദ് പട്‌വർധന്റെ “രാം കെ നാം’, ‘വിവേക്’ തുടങ്ങിയ ചിത്രങ്ങളും രാകേഷ് ശർമയുടെ ‘ഫൈനൽ സൊല്യൂഷൻ’ എന്ന ചിത്രവും ഇക്കൂട്ടത്തിൽ ഏറ്റവും സുപ്രധാനമായ ഡോക്യുമെന്ററികളാണ്. വിദ്യാർത്ഥി രാഷ്‌ട്രീയ പ്രവർത്തകർ ക്യാമ്പസുകളിൽ എല്ലാ വർഷവും പ്രദർശിപ്പിക്കേണ്ടവയാണ് ഈ ചിത്രങ്ങൾ എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. കാരണം ഓരോ വർഷവും പുതുതായി ഒരു ബാച്ച് വിദ്യാർത്ഥികൾ കടന്നുവരും. അവർക്ക് രാഷ്‌ട്രീയ വിദ്യാഭ്യാസം പകർന്നുനൽകേണ്ടതുണ്ട്. പഴയ ബാച്ചുകളിലുള്ളവർക്കും ഓർമപ്പെടുത്തലുകൾ ആവശ്യമാണു താനും.

ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സജീവമായി മുൻ‌കൈയെടുക്കാറുള്ള ആളുകളുള്ള ക്യാമ്പസുകളിൽത്തന്നെയും ഇത്തരം പ്രദർശങ്ങൾ കാണാൻ വരുന്നതിനെക്കാൾ വളരെയധികം പേർ ബിബിസി ഡോക്യുമെന്ററി കാണാനെത്തി എന്നാണ് നിരവധി സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കാരണം അതിനു ലഭിച്ചിരിക്കുന്ന വാർത്താ പ്രാധാന്യം തന്നെ. അത് ഒരു അവസരമായി എടുക്കുക എന്നതാണ് ചെയ്യാവുന്നത്. ഇടതു സംഘടനകൾ ഉൾപ്പെടെയുള്ളവർ ചെയ്യുന്നതും അതു തന്നെ.

5) എത്ര പേർ ഈ ഡോക്യുമെന്ററി കാണും?

കോടിക്കണക്കിനാളുകൾ ബിബിസിയുടെ ഡോക്യുമെന്ററി കാണും എന്നൊന്നും തൽക്കാലം കരുതാനാകില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് Odysee വെബ്സൈറ്റിൽ ഒരു ദിവസത്തിനകം 1.37 ലക്ഷം വ്യൂസ് ഉണ്ട്. ഇതിന്റെ പല മടങ്ങ് ആളുകൾ മറ്റു പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചും ചിത്രം കണ്ടിട്ടുണ്ടാകും, കാണും എന്നു കരുതാം. കുറെപ്പേർ ക്യാമ്പസുകളിലും മറ്റു പൊതുവിടങ്ങളിലും നടക്കുന്ന പ്രദർശനങ്ങളിൽ വച്ചും ചിത്രം കാണും. ചിത്രം കാണുന്നയാളുകൾക്ക് തുടർന്നും രാഷ്‌ട്രീയ വിദ്യാഭ്യാസത്തിനുള്ള പ്രചോദനം ലഭിക്കുമെന്നും സംഘടിതമായ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാകാൻ അവരിൽ കുറെപ്പേർക്കെങ്കിലും ആ പ്രചോദനം വഴി കഴിയുമെന്നും കരുതാം. അവരാണ് മതേതര-ജനാധിപത്യ മൂല്യങ്ങൾ കൂടുതൽ ജനങ്ങളിലേയ്‌ക്കെത്തിക്കേണ്ടത്. അതാണ് ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പ്രസക്തി. അല്ലാതെ നൂറു കോടി ഇന്ത്യക്കാർ ഇതുകണ്ട് പൊടുന്നനെ സാമൂഹ്യമാറ്റമുണ്ടാകും എന്നൊന്നും ആരും കരുതില്ലല്ലോ. (മിക്കവാറും ഡോക്യുമെന്ററി പ്രദർശനം നടക്കുക ആ ചിത്രം പ്രദർശിപ്പിക്കണം എന്നാഗ്രഹമുള്ള സംഘടനകൾക്ക് ഇപ്പോൾത്തന്നെ ശക്തിയുള്ള ഇടങ്ങളിലായിരിക്കും. അല്ലാത്തയിടങ്ങളിൽ വലിയ പ്രയാസം നേരിടും. അതിനെ അതിജീവിച്ചും പ്രദർശനം നടത്താൻ ശ്രമിച്ച ധീരരായ ആളുകളുണ്ട് – ഡെൽഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയിലെ എസ്.എഫ്.ഐ. സഖാക്കൾ ഉദാഹരണം.)

6) മുസ്ലിംകൾ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോൾ സന്തോഷിക്കുന്നവരാണോ ബിജെപിക്ക് വോട്ടു ചെയ്യുന്നവരെല്ലാം?

ഈ വാദം അപ്പാടെ ശരിയാണെന്ന് കരുതുക വയ്യ. ഭൂരിഭാഗം ആളുകളുടെയും ചിന്താഗതി കല്ലിൽ കൊത്തിയതൊന്നുമല്ല. തങ്ങൾ വളർന്നു വന്നപ്പോഴത്തെയും ഇപ്പോഴത്തെയും ഭൗതിക സാഹചര്യങ്ങൾ, കുടുംബത്തിലും നാട്ടിലുമുള്ള സാമൂഹ്യ-രാഷ്‌ട്രീയ അന്തരീക്ഷം, പരിചയപ്പെടുന്ന ആശയങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ വ്യക്തികളുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്നുണ്ട്. തൊഴിലില്ലായ്‌മ വർദ്ധിക്കുമ്പോൾ തൊഴിലില്ലാത്ത ചെറുപ്പക്കാരിൽ ഒരു വിഭാഗം, തങ്ങളുടെ മോശം ജീവിതാവസ്ഥയ്‌ക്കു കാരണം മുസ്ലിംകളാണ് എന്ന സംഘപരിവാർ പ്രചാരണത്തിൽ വീണു പോകുന്നതും ബജ്രംഗ് ദളിലും മറ്റും ചേർന്ന് വർഗീയ അതിക്രമങ്ങളിൽ പങ്കാളികളാകുന്നതും ഭൗതിക സാഹചര്യങ്ങളുടെയും ആശയങ്ങളുടെയും സ്വാധീനത്തിന് ഉദാഹരണമാണ്.

ഇതിന്റെ മറുപുറം, വർഗീയതയല്ല തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന തിരിച്ചറിവുണ്ടാക്കാനും ആശയപ്രചാരണത്തിനു കഴിയും എന്നതാണ്. യൂണിവേഴ്‌സിറ്റി പഠന കാലത്ത് ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ഉത്തരേന്ത്യൻ സഖാക്കളിൽ പലരും തങ്ങൾ ബിജെപിയുടെ അപകടം മനസ്സിലാക്കിയത് എങ്ങനെയാണ് എന്നതിനെപ്പറ്റി പറയാറുണ്ടായിരുന്നു. നല്ലൊരു ശതമാനം പേരെയും സംബന്ധിച്ചിടത്തോളം, ഗുജറാത്ത് കൂട്ടക്കൊലയായിരുന്നു വഴിത്തിരിവ്. ബിജെപി അത്ര വലിയ കുഴപ്പമില്ല എന്ന് അതുവരെ കരുതിയിരുന്ന പലരും (ഭൂരിഭാഗവും ഭൂരിപക്ഷ സമുദായത്തിൽ നിന്നും വന്നവർ തന്നെ) ഗുജറാത്ത് കൂട്ടക്കൊലയെത്തുടർന്ന് കടുത്ത ബിജെപി വിരോധികളായി. ഗുജറാത്തിൽ നടന്നതിനെപ്പറ്റി ബിജെപി-അനുകൂല പ്രചാരണമല്ലാത്ത വാർത്തകളും വിശകലനവും വായിക്കാൻ അവർക്ക് സാഹചര്യമുണ്ടായിരുന്നു എന്നത് പ്രധാനപ്പെട്ട കാര്യമായിരുന്നു.

7) കഴിഞ്ഞ കഥകൾ മറന്നു മുന്നോട്ടു പോകണം, പഴയ മുറിവുകൾ ഉണക്കിയാണ് ശക്തി നേടേണ്ടത് എന്നിങ്ങനെയുള്ള വാദങ്ങളുമുണ്ടല്ലോ.

ചരിത്രം മറക്കുന്നതു വഴിയല്ല, ചരിത്രം ഓർമിച്ചുകൊണ്ടും പഠിച്ചുകൊണ്ടുമാണ് ശക്തി നേടേണ്ടത് എന്നതാണ് ഇതിനുള്ള മറുപടി. ഭൂതകാലത്തെപ്പറ്റി പഠിക്കുന്നത് വിലപിച്ചിരിക്കാനല്ല. ചരിത്രത്തിൽ നിന്നും ശരിയായ പാഠങ്ങൾ ഉൾക്കൊള്ളാനും ചരിത്രത്തിൽ സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള പരിശ്രമങ്ങൾ നടത്താനുള്ള ഊർജം സംഭരിക്കാനുമാണ്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ സമൂഹത്തെ മാറ്റേണ്ടതുണ്ട്, അതിനായി സംഘടിതമായ പ്രവർത്തനത്തിന്റെ ആവശ്യമുണ്ട് എന്ന തിരിച്ചറിവു നേടാനാണ്.

8) ബിബിസി വിശ്വാസ്യയോഗ്യമായ മാധ്യമമല്ല എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

തീർച്ചായായും സാമ്രാജ്യത്വത്തിന്റെ ചട്ടുകമായിത്തന്നെയാണ് ബിബിസി മിക്കവാറും പ്രവർത്തിക്കാറ്. മൂന്നാം ലോകരാജ്യങ്ങൾക്കെതിരെയുള്ള സാമ്രാജ്യത്വ യുദ്ധങ്ങൾക്ക് ഓശാന പാടുന്ന നിലപാടാണ് മിക്കവാറും അവർ സ്വീകരിച്ചുപോന്നിട്ടുള്ളത്. എന്നാൽ അതിന്റെയർത്ഥം ബിബിസി സം‌പ്രേഷണം ചെയ്യുന്ന എല്ലാ വാർത്തകളും നുണകളാണെന്നോ അവരുടെ എല്ലാ ഡോക്യുമെന്ററികളും നുണകൾ മാത്രം കുത്തിനിറച്ചുള്ളതാണെന്നോ അല്ല. ഡോക്യുമെന്ററിയുടെ ഉള്ളടക്കത്തെ വിലയിരുത്തി അതിൽ വിശ്വാസ്യയോഗ്യമായതെന്ത് എന്ന് നമുക്കു തന്നെ തീർപ്പു കൽപ്പിക്കാവുന്നതേയുള്ളൂ. ഈ ചിത്രത്തിന്റെ കാര്യത്തിൽ ഇതെളുപ്പമാണ്. കാരണം, ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി ബ്രിട്ടീഷ് സർക്കാർ നടത്തിയ ഒരു അന്വേഷണത്തെപ്പറ്റിയുള്ള കാര്യം ഒഴിച്ച് ചിത്രത്തിൽ പറയുന്ന എല്ലാ പ്രധാന കാര്യങ്ങളും ഇപ്പോൾത്തന്നെ പരസ്യമായി ലഭ്യമായിട്ടുള്ള വിവരങ്ങൾ തന്നെയാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ, അത്തരം വിവരങ്ങൾ കൂടുതൽ പേർക്ക് മനസ്സിലാകുന്ന രീതിയിൽ സംക്ഷിപ്‌തമായി ചേർത്തുവയ്‌ക്കുകയാണ് ഈ ഡോക്യുമെന്ററി ചെയ്‌തിട്ടുള്ളത്.

ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, ആർ‌എസ്‌എസ്സിനെയും ബിജെപിയെയും വിമർശിക്കുന്ന ചിത്രങ്ങൾ എടുക്കുന്നതും പ്രദർശിപ്പിക്കുന്നതും കൂടുതൽ ബുദ്ധിമുട്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ബിബിസി ഇത്തരമൊരു ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളെയും ചലച്ചിത്രകാരന്മാരെയും വേട്ടയാടുന്നതുപോലെ എളുപ്പത്തിൽ ബിബിസിയെ വേട്ടയാടാനാകില്ലല്ലോ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിലെ പ്രതിപക്ഷം വാർത്തകൾക്കായി ബിബിസിയെ ആശ്രയിച്ചിരുന്നതുപോലെയുള്ള ഒരു സാഹചര്യമാണിത് എന്നു പറയാം. ബിബിസി മുതലാളിത്ത-സാമ്രാജ്യത്വ പക്ഷപാതം വ്യക്തമായി പ്രകടിപ്പിക്കുന്ന മാധ്യമം തന്നെയാണ്. എന്നാൽ നിലവിൽ അവരുടെ ഒരു സൃഷ്‌ടി, ഇന്ത്യയിലെ തീവ്ര വലതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധ ചെയ്‌തികളെ തുറന്നുകാണിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഒരു പഴുത് തുറന്നു തന്നിരിക്കുകയാണ്. അത് ഉപയോഗിക്കാൻ സാധിക്കുന്നിടത്തോളം ഉപയോഗിക്കുകയാണ് വേണ്ടത്.

9) ഡോക്യുമെന്ററി ചിത്രങ്ങളുടെ സ്വാധീനത്തെപ്പറ്റി ഒന്നുരണ്ട് നേരനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് അവസാനിപ്പിക്കാം.

രക്തസാക്ഷിയായ നാടകപ്രവർത്തകൻ സഫ്‌ദർ ഹാഷ്‌മിയെപ്പറ്റിയുള്ള ‘സഫ്‌ദർ’ എന്ന ചെറു ഡോക്യുമെന്ററി കണ്ട് ഇടതുപക്ഷത്തേയ്‌ക്ക് ആകൃഷ്‌ടരായ പലരെയും യൂണിവേഴ്‌സിറ്റിക്കാലത്ത് കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവം കോളേജ് പഠനകാലത്താണുണ്ടായത്. അക്കാലത്ത് ഹോസ്റ്റലിലെ സുഹൃത്തുക്കളിലൊരാൾ അക്രമോത്സുകമായ തീവ്രദേശീയതയെ പിൻ‌പറ്റുന്ന ഒരാളായിരുന്നു. ഇടതു ചിന്താഗതിക്കാരായ ഞങ്ങൾ കുറച്ചുപേർ അദ്ദേഹവുമായി പലപ്പോഴും സംവാദങ്ങളിൽ ഏർപ്പെടുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ കയ്യിൽ ആനന്ദ് പട്‌വർധന്റെ ‘War and Peace’ എന്ന ഡോക്യുമെന്ററിയുടെ കോപ്പി കിട്ടുന്നത്. ഈ സുഹൃത്തും ഈ ചിത്രം കണ്ടു. അതിനു ശേഷം അദ്ദേഹത്തിനുണ്ടായ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നു. പുരോഗമനപക്ഷത്തേയ്‌ക്ക് അദ്ദേഹം നടത്തിയ ചുവടുമാറ്റം ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. തികച്ചും സന്തോഷകരമായ ഒരു ഞെട്ടൽ തന്നെ.

Leave a comment