അബദ്ധ ധാരണകളെ തിരസ്‌കരിച്ച് ജനങ്ങളെ കാത്ത കേരളം

സുബിൻ ഡെന്നിസ്

25 ഏപ്രിൽ 2024

ധനമന്ത്രി കെ.എൻ. ബാലഗോപാലും മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്, കോവിഡ് കാലത്ത് കേരളജനതയ്‌ക്ക് താങ്ങായി കേരളസർക്കാർ ചെലവ് വർദ്ധിപ്പിച്ചു, മറ്റു പല സംസ്ഥാനങ്ങളും അങ്ങനെ ചെയ്‌തില്ല എന്ന്. ഇത് കേൾക്കുമ്പോഴെല്ലാം വിചാരിക്കും കണക്കെടുത്ത് നോക്കണമെന്ന്. കുറച്ച് മെനക്കേടുള്ള പണിയാണ്; അതു ചെയ്യാൻ സാധിച്ചത് ഇപ്പോഴാണ്.

കോവിഡ് കാലത്ത് മറ്റു നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങൾ അനുഭവിച്ചത് കേരളത്തിലുള്ളവർ അനുഭവിച്ചതിനെക്കാൾ വളരെ വലിയ ദുരിതമാണ് എന്ന് നമുക്കറിയാം. ഓക്സിജൻ കിട്ടാതെയും ആശുപത്രിയിൽ ഇടം കിട്ടാതെയും ക്യൂ നിന്നു പോലും ആളുകൾ മരിച്ച, തൊഴിലാളികൾ ആയിരക്കണക്കിനു കിലോമീറ്റർ നടന്നു തങ്ങളുടെ നാടുകളിലേയ്‌ക്ക് പോകേണ്ടിവന്ന, പാവപ്പെട്ട മനുഷ്യർ പട്ടിണി കിടന്ന സംസ്ഥാനങ്ങൾ. എന്നിട്ടും കേന്ദ്രസർക്കാരും പല സംസ്ഥാന സർക്കാരുകളും വേണ്ടത്ര ചെലവു ചെയ്‌തില്ല. പണം അട്ടിയട്ടിയായി ഇട്ട് അതിനു മേലേ കിടന്നുറങ്ങുന്ന സർക്കാരാണ് “നല്ല സർക്കാർ” എന്നാണ് വലതുപക്ഷ മാധ്യമങ്ങൾ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ പ്രമാണം തന്നെയാണ് ഈ സർക്കാരുകളും പിന്തുടർന്നത്. മനുഷ്യർ പട്ടിണികിടന്നാലും സാരമില്ല, ധനക്കമ്മി കൂടാൻ പാടില്ലത്രേ. ധനക്കമ്മിയെപ്പറ്റിയും കടത്തെപ്പറ്റിയുമൊക്കെ യുക്തിരഹിതമായ ഭയം ഉത്പാദിപ്പിക്കുകയാണ് വലതുപക്ഷം ചെയ്‌തുപോരുന്നത്.

അബദ്ധജടിലമായ ഈ ധാരണയെ തിരസ്കരിച്ചുകൊണ്ടാണ് കേരളം കോവിഡ് പ്രതിസന്ധിയെ എതിരിട്ടത്. മറിച്ച് ധനകാര്യ യാഥാസ്ഥിതികതയെ പുണർന്ന സംസ്ഥാനങ്ങളിൽ ജനം ദുരിതക്കയത്തിലാണ്ടു.

വലിയ സംസ്ഥാനങ്ങളുടെ കണക്ക് നോക്കുമ്പോൾ, കോവിഡ് കാലയളവായ 2020-21, 2021-22 വർഷങ്ങളിൽ ശരാശരി ഏറ്റവുമധികം റവന്യൂ ചെലവ് വർദ്ധിപ്പിച്ച സംസ്ഥാനമാണ് കേരളം എന്നത് വ്യക്തമാണ്. 2020-21-ൽ വികസനച്ചെലവ് 47.4 ശതമാനമാണ് കേരളം വർദ്ധിപ്പിച്ചത്.

അതിൽത്തന്നെ ഏറ്റവും വലിയ വർധന, സാമൂഹ്യസുരക്ഷയും ക്ഷേമവും (Social Security and Welfare) എന്ന ശീർഷകത്തിനു കീഴിൽ വരുന്ന ചെലവുകൾക്കാണ്: 261 ശതമാനം! ആളോഹരിക്കണക്കു നോക്കിയാൽ 259 ശതമാനം. ആളോഹരി 3824 രൂപയാണ് കേരളം ഈയിനത്തിൽ ആ വർഷം ചെലവിട്ടത്. ഇന്ത്യയിൽ ഏതെങ്കിലുമൊരു വലിയ സംസ്ഥാനം ഈയിനത്തിൽ ചെലവിട്ടിട്ടുള്ള ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയാണിത്. അതായത്, ജനങ്ങൾ പട്ടിണി കിടക്കാതെ, ദുരിതത്തിൽ മുഴുവനായി മുങ്ങിത്താണുപോകാതെ കാക്കേണ്ട സമയത്ത് ആ ദൗത്യത്തിനായി പരമാവധി ശക്തിയും വിഭവങ്ങളും കേരളം ഉപയോഗിച്ചു.

ആരോഗ്യരക്ഷാ ചെലവുകൾ ആണ് കേരളം വലിയ തോതിൽ വർധിപ്പിച്ച മറ്റൊരിനം. 2020-21-ൽ 18.8 ശതമാനവും 2021-22-ൽ 36.2 ശതമാനവുമാണ് ആരോഗ്യരക്ഷാ ചെലവിൽ കേരളം വരുത്തിയ വർധന. ഈയിനത്തിലും ഈ രണ്ടുവർഷങ്ങളിലെ ശരാശരി വർധന ഏറ്റവുമധികം കേരളത്തിലാണ്.

എങ്ങനെയാണ് കേരളം മഹാമാരിക്കാലത്ത് പിടിച്ചുനിന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ വലിയൊരു ഭാഗമാണ് ഈ നടപടികൾ.

ഇത്തരത്തിൽ ബദൽ നയങ്ങളുമായി ഒരു സംസ്ഥാനം മുന്നോട്ടു പോകുന്നതിനെ എങ്ങനെയും തടയുക എന്ന പ്രതികാരബുദ്ധിയാണ് കേരളത്തിനു മേൽ സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിക്കാൻ ബിജെപി സർക്കാരിനു പ്രേരണയായത്.

ചില കണക്കുകൾ രണ്ടു ചാർട്ടുകളുടെ രൂപത്തിൽ കൊടുക്കുന്നു. ജനസംഖ്യയിൽ ഏറെ വ്യത്യാസമുള്ള സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ നല്ലത് ആളോഹരിക്കണക്കാണ് എന്നതിനാൽ അതാണ് ഉപയോഗിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ ഇടപെടുന്ന കാര്യത്തിൽ കേരളം എത്രത്തോളം മുന്നിലാണ് എന്ന് ഈ കണക്കുകൾ കാട്ടിത്തരുന്നു.

Leave a comment