സംവരണത്തിന്റെ ലക്ഷ്യങ്ങളെപ്പറ്റി

സുബിന്‍ ഡെന്നിസ്

Updated, 11 October 2023

(2017 നവംബർ 22-ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുതുക്കിയ പതിപ്പ്.)

1. എന്തിനാണു സംവരണം?

ചിലര്‍ പറയുന്നത്, ജാത്യടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം ആണ് സംവരണത്തിന്റെ ഒരേയൊരു ലക്ഷ്യം എന്നാണ്. ഇതുകൂടാതെ മറ്റെന്തെങ്കിലും ലക്ഷ്യം കൂടി സംവരണത്തിനുണ്ടാവാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊന്നും സംവരണത്തിന്റെ “യഥാര്‍ത്ഥ ലക്ഷ്യം” അല്ല എന്നാണ് ഇവരുടെ വാദം.

യാഥാര്‍ത്ഥ്യമെന്താണ്? സംവരണത്തിന്റെ ലക്ഷ്യം എന്തായിരിക്കണം എന്നതിനെപ്പറ്റി പലർക്കും പല അഭിപ്രായങ്ങളാണുള്ളത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന സംവാദത്തിൽ ഉൾപ്പെടെ വിവിധങ്ങളായ അഭിപ്രായങ്ങൾ വന്നിട്ടുണ്ട്.

അതിൽ ചിലതിനോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ഒന്നിനോടും യോജിക്കാതിരിക്കുകയും ഒക്കെ ചെയ്യാം. അല്ലാതെ ചിലത് “യഥാർത്ഥം”, ചിലത് “അയഥാർത്ഥം” എന്ന നിലയിൽ കാണുന്നത് അർത്ഥശൂന്യമാണ്.

ഇന്ത്യൻ സമൂഹത്തിൽ വിവിധ തരത്തിലുള്ള പിന്നോക്കാവസ്ഥയും അസമത്വവും നിലനിൽക്കുന്നുണ്ട്. സാമ്പത്തികം, സാമൂഹികം (ജാതി), ലിംഗപരം എന്നിങ്ങനെ. പലവിധത്തിലുള്ള അസമത്വമുള്ള സ്ഥിതിക്ക് അതിനെ നേരിടാൻ പലവിധത്തിലുള്ള നടപടികളും പലതരത്തിലുള്ള സംവരണവും ഒക്കെയുണ്ടാവും. ജാതി സമുദായങ്ങൾ ഏകതാനമോ എല്ലാക്കാലത്തും ഒരു പോലെ നിലകൊണ്ടതോ നിലകൊള്ളാൻ പോകുന്നതോ അല്ല. സാമൂഹ്യ യാഥാർത്ഥ്യം സങ്കീർണ്ണമാണ്. അതിനെ നേരിടാൻ വേണ്ട നടപടികളും ബഹുമുഖമായിരിക്കും. അതേ സമയം, സംവരണം എന്നത് പരിമിതമായ ഒരു ആശ്വാസ നടപടി മാത്രമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സംവരണം (വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും) ജാത്യടിസ്ഥാനത്തിലുള്ള പ്രാതിനിധ്യത്തിന്റെ മാത്രം പ്രശ്നമാണ് എന്നത് കുറച്ചുകാലമായി വളരെ ഫാഷനബിൾ ആയി വാദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നിലപാടാണ്. സ്വത്വവാദികളും ചില “തീവ്ര” ഇടത്, ബൂർഷ്വാ രാഷ്ട്രീയക്കാരും ഇത്തരം നിലപാടുകൾ എടുക്കുന്നുണ്ട്. അതുകേട്ട് പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.

പക്ഷേ സിപിഐ(എം) സ്വീകരിച്ചിട്ടുള്ള നിലപാടല്ല ഇത്. ഇന്ത്യയിലെ ജനങ്ങൾ നേരിടുന്ന ഏറ്റവും ഗൗരവമുള്ളതും അടിസ്ഥാനപരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവരണം കൊണ്ടു മാത്രം സാധിക്കില്ല എന്നതാണ് സി.പി.ഐ.(എം.) നിലപാട്. എല്ലാ ജാതികളിലും പെട്ട ഗ്രാമീണ ജനതയ്‌ക്ക് മുന്നേറ്റമുണ്ടാകണമെങ്കിൽ സമഗ്രമായ ഭൂപരിഷ്‌കരണം വേണം. നഗരങ്ങളിലെ ജനതയ്‌ക്ക് ആശ്വാസമുണ്ടാകണമെങ്കിൽ സ്വത്തിന്റെ കേന്ദ്രീകരണത്തിന് തടയിടണം. കടുത്ത അസമത്വം കുടികൊള്ളുന്ന, സ്വത്ത് ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കുന്ന, എല്ലാവർക്കും തൊഴിൽ ലഭ്യമാക്കാൻ കഴിയാത്ത, ഇന്നത്തെ വ്യവസ്ഥിതിയ്‌ക്ക് മാറ്റം വരുത്താനുള്ള സമരത്തിൽ എല്ലാവരും ഒത്തൊരുമിച്ച് അണിനിരക്കേണ്ടതുണ്ട്. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ ഒരു ചെറിയ പങ്ക് ആളുകൾക്ക് പരിമിതമായ തോതിൽ കുറച്ച് ആശ്വാസം നൽകുകയാണ് സംവരണം വഴി സാധ്യമാകുന്നത്. ഈ ആശ്വാസനടപടി വളരെ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. എന്നാൽ ഒരു സമുദായത്തിലെയും ഭൂരിഭാഗം ആളുകളുടെ ജീവിതനിലവാരം ഉയർത്താൻ സംവരണം വഴി സാധിക്കില്ല. പിന്നാക്കം നിൽക്കുന്ന, ചരിത്രപരമായി അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ ചെറിയൊരു പങ്ക് ആളുകൾക്കു മാത്രമേ സംവരണം കൊണ്ട് ജീവിതനിലവാരത്തിൽ ഉയർച്ചയുണ്ടാകൂ.

2. സമൂഹം സമുദായങ്ങളുടെ കൂട്ടം മാത്രമാണോ? മേല്‍ത്തട്ട് (ക്രീമിലെയര്‍) വേര്‍തിരിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?

ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും സംവരണത്തിന്റെ ലക്ഷ്യം പ്രാതിനിധ്യം ആണ്, പ്രാതിനിധ്യത്തിന്റെ മാനദണ്ഡം ജാതി മാത്രമാണ് എന്നു പറയുന്നതിന്റെ വിവക്ഷ, സമൂഹത്തിൽ ആകെയുള്ളത് കുറെ “സമുദായങ്ങൾ” മാത്രമാണ്; വർഗ്ഗ വിഭജനങ്ങൾക്കും മറ്റും പ്രസക്തിയില്ല, എന്നാണ്.

വാദത്തിനു വേണ്ടി നമ്മൾ ഇത് അംഗീകരിക്കുന്നു എന്നു വയ്ക്കുക. സംവരണം ലഭിക്കുന്ന ഒരു സമുദായത്തിലെ അംഗങ്ങൾക്കിടയിൽ യാതൊരു സാമ്പത്തിക അസമത്വവും ഇല്ല എന്നും സങ്കല്പിക്കുക. എന്നാൽ മുതലാളിത്തത്തിന് സഹജമായിട്ടുള്ള പ്രവണതയാണ് uneven development. മുതലാളിത്ത വികസനത്തിന്റെ “ഗുണഫലങ്ങൾ” എല്ലാവർക്കും ഒരുപോലെയല്ല അനുഭവപ്പെടുക. ചുരുക്കം ചിലർക്ക് കൂടുതൽ ഗുണങ്ങൾ കിട്ടും. മറ്റുള്ളവർക്ക് അത്രയുമില്ല; നല്ലൊരു ശതമാനം പേർക്ക് ദോഷവും ഉണ്ടാകും. ജനങ്ങൾക്കിടയിലും പ്രദേശങ്ങൾക്കിടയിലും ഒക്കെയുള്ള അസമത്വങ്ങൾ കാലക്രമേണ വർദ്ധിച്ചു വർദ്ധിച്ചു വരും.

അതായത്, പൂർണ്ണ സമത്വത്തിൽ നിന്നും ആരംഭിച്ചാൽപ്പോലും, മേൽപ്പറഞ്ഞ സമുദായത്തിൽ സാമ്പത്തിക അസമത്വങ്ങൾ ആവിർഭവിക്കുകയും വളർന്നു വലുതാവുകയും ചെയ്യും. സമുദായത്തിനുള്ളിൽ പല തട്ടുകൾ ഉണ്ടാവുകയും (stratification എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുക) തൽഫലമായി സമുദായത്തിൽ ഒരു മേൽത്തട്ട് രൂപം കൊള്ളുകയും ചെയ്യും. ഈ മേൽത്തട്ട് സാമാന്യം വലുതും ശക്തവുമാകുമ്പോൾ സംവരണത്തിന്റെ ഗുണഫലങ്ങളുടെ സിംഹഭാഗവും അവർ അനുഭവിക്കുകയും ഭൂരിഭാഗം വരുന്ന മറ്റ് സമുദായാംഗങ്ങൾ പിന്തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ വരും.

മേൽപ്പറഞ്ഞതു പോലെ വലിയ തോതിൽ stratification നടക്കുകയും ശക്തമായ മേൽത്തട്ട് രൂപപ്പെടുകയും ചെയ്ത സമുദായങ്ങളാണ് ഒബിസികൾ പൊതുവിൽ. അതുകൊണ്ട് സംവരണത്തിൽ നിന്നും ഒബിസികളിലെ മേൽത്തട്ടിനെ ഒഴിവാക്കണം. ഈ നിലപാട് സിപിഐ(എം) നേരത്തെ തന്നെ സ്വീകരിച്ചതാണ്. വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീംകോടതി തന്നെ ഇതേ നിലപാട് കൈക്കൊണ്ടതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ഒബിസി വിഭാഗങ്ങളിലെ ക്രീമിലെയറിനെ സംവരണത്തില്‍ നിന്നും ഒഴിവാക്കിയത്.

ഇപ്പറഞ്ഞതു കൂടാതെ, ഒബിസി വിഭാഗത്തിലെ ക്രീമിലെയര്‍ അല്ലാത്തവരില്‍ നിന്നും നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ളവരെ കിട്ടിയില്ലെങ്കില്‍ ആ സീറ്റുകള്‍ ആ വിഭാഗത്തിലെ തന്നെ ക്രീമിലെയറിനുള്ളവര്‍ക്ക് കിട്ടണം എന്നും സിപിഐ(എം) നിലപാട് സ്വീകരിച്ചിട്ടുണ്ട്.

മേൽത്തട്ട് രൂപമെടുക്കൽ താരതമ്യേന അത്രകണ്ട് ശക്തി പ്രാപിക്കാത്ത സമുദായങ്ങളാണ് ദളിത്, ആദിവാസി വിഭാഗങ്ങൾ പൊതുവിൽ. അതുകൊണ്ട് ഈ വിഭാഗങ്ങൾക്കുള്ള സംവരണം, മേൽത്തട്ടിനെ ഒഴിവാക്കുന്നത് ബാധകമാക്കാതെ തുടരണം എന്നതു തന്നെയാണ് സിപിഐ(എം) നിലപാട്.

(ഇതൊക്കെ വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിലുള്ള സംവരണത്തെപ്പറ്റിയാണ്, നിയമനിർമ്മാണ സഭകളിലെ സംവരണത്തെപ്പറ്റിയല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. നിയമനിർമ്മാണ സഭകളിൽ ഒബിസി സംവരണമോ മേൽത്തട്ടോ ഇല്ല.)

3. സാമുദായികാടിസ്ഥാനത്തിലുള്ള സംവരണം തുടരണം

സാമുദായികാടിസ്ഥാനത്തിലുള്ള സംവരണം നിലനിർത്തണം എന്നു മാത്രമല്ല, സ്വകാര്യ മേഖലയിലേയ്ക്കു കൂടി വ്യാപിപ്പിക്കണം എന്നതാണ് കാലങ്ങളായി സിപിഐ(എം) സ്വീകരിച്ചുപോരുന്ന നിലപാട്. ഇക്കാര്യത്തില്‍ ഒരു സംശയത്തിനും ഇടയുണ്ടാകേണ്ട കാര്യമില്ല.

രസകരമായ ഒരു വസ്തുത എന്താണെന്നു വച്ചാല്‍, അധികാരത്തില്‍ ജാത്യടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം മാത്രമാണ് സംവരണത്തിന്റെ ലക്ഷ്യം എന്നു വാദിക്കുന്ന ചിലരൊക്കെ, സ്വകാര്യ മേഖലയില്‍ സംവരണം കൊണ്ടുവരുന്നതിന് എതിരാണ് എന്നുള്ളതാണ്! സ്വകാര്യമേഖല നേരിട്ടു സമൂഹത്തെ ഭരിക്കുന്ന അധികാരഘടനയുടെ ഭാഗമല്ല, അതുകൊണ്ട് സ്വകാര്യമേഖലയില്‍ സംവരണം കൊണ്ടുവരുന്നത് അതിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് ഇക്കൂട്ടരുടെ വാദം.

ഇന്ത്യ ഭരിക്കുന്നത് കോര്‍പ്പറേറ്റുകളാണ്, അവരുടെ താത്പര്യങ്ങളാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നത് എന്നത് പകല്‍ പോലെ വ്യക്തമായിരിക്കെയാണ് ഈ വാദം ഉയരുന്നത്. 2010-ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ സ്വത്തിന്റെ 40.3 ശതമാനം ആണു കയ്യാളിയിരുന്നത്. 2014 ആയപ്പോള്‍ അത് 49 ശതമാനം ആയി. 2016-ല്‍ ആകട്ടെ, 58.4 ശതമാനവും. ആര്‍ക്കുവേണ്ടിയാണ് ഇന്ത്യയില്‍ നയരൂപീകരണം നടക്കുന്നത് എന്നത് പ്രത്യേകിച്ചു വിശദീകരിക്കണോ?

4. സംവരണം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം...

“സംവരണം ഒരു ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി അല്ല”. കുറച്ചുകാലമായി കേൾക്കുന്ന ഒരുഗ്രൻ ക്ലീഷേ ആണിത്. സംവരണത്തെപ്പറ്റിയുള്ള ഇടത് നിലപാടിനെ വൾഗറൈസ് ചെയ്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗം.” – മെയ് മാസത്തിലെഴുതിയ കുറിപ്പിന്റെ ആമുഖമായി ചേര്‍ത്തിരുന്ന വാചകങ്ങളാണിവ.

‘സംവരണം ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല’ എന്നത് ക്ലീഷേ ആണെന്നു പറയുന്നതിന്റെ അർത്ഥം സംവരണത്തെ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയായി ചുരുക്കിക്കാണണം എന്നല്ല. എന്നാല്‍ അങ്ങനെയാണ് ഞാന്‍ പറഞ്ഞത് എന്ന മട്ടിലാണ് ചിലരൊക്കെ വ്യാഖ്യാനിച്ചത്..

സാമുദായികാടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിച്ച് പകരം “സാമ്പത്തിക സംവരണം” മാത്രമാക്കണം എന്നു പറയുന്നവരുണ്ട്. ഇടതു നിലപാട് ഇതിന് തീര്‍ത്തും എതിരാണ്. അതേ സമയം, സാമുദായികാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കുന്നവരെയും ഇടതുപക്ഷത്തെയും ഒരേ നുകത്തിൽ കൂട്ടിക്കെട്ടി നടത്തുന്ന വാദങ്ങളുടെ ഭാഗമായാണ് പലപ്പോഴും “സംവരണം ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയല്ല” എന്ന വാചകം പ്രയോഗിച്ചു കണ്ടിട്ടുള്ളത്.

“സംവരണം ദാരിദ്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല” എന്ന് പരിഹാസരൂപേണ പറയുന്നവര്‍ ദാരിദ്യത്തിന്റെ ഗൌരവത്തെയും വ്യാപ്തിയെയും കുറച്ചു കാണുകയല്ലേ എന്ന് ആളുകള്‍ സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. ഇതിനെപ്പറ്റി ചുവടെ.

5. ദാരിദ്ര്യം, അല്ലെങ്കില്‍ സാമ്പത്തികമായ പിന്നോക്കാവസ്ഥ, അത്ര നിസ്സാര പ്രശ്നമാണോ?

ഇന്ത്യയിൽ മഹാഭൂരിപക്ഷം പേരും പാവപ്പെട്ടവരാണ് – “മുന്നോക്ക” സമുദായങ്ങളിലുള്ളവർ ഉൾപ്പെടെ. അത്തരം സമുദായങ്ങളിലുള്ളവരിൽ പാവപ്പെട്ടവരുടെ അനുപാതം പിന്നോക്ക സമുദായങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് കുറവാണ്, എന്നാൽ അവരിലും ഭൂരിഭാഗവും പാവപ്പെട്ടവർ തന്നെയാണ്.

തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയുമില്ലാത്ത അസംഘടിത തൊഴിലാളികള്‍ ആണ് ഇന്ത്യയിലെ 92 ശതമാനം തൊഴിലാളികളും. 2004-05-ൽ 77 ശതമാനം പേരുടെയും ഒരു ദിവസത്തെ ശരാശരി ഉപഭോഗം വെറും 20 രൂപയ്ക്കുള്ളതേ ഉണ്ടായിരുന്നുള്ളൂ.

2017 ജൂലൈയില്‍ തോമാ പിക്കെറ്റിയും ലൂക്കാസ് ചാന്‍സലും പ്രസിദ്ധീകരിച്ച ലേഖനത്തിലെ കണക്കൂ കൂടി ഉദ്ധരിക്കാം. ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങളുടെ ശരാശരി മാസവരുമാനം, 3645 രൂപയാണ്. അതിനുശേഷം വരുന്ന 40 ശതമാനം ജനങ്ങളുടെ ശരാശരി മാസവരുമാനം 7237 രൂപയാണ്. അതായത്, ഇന്ത്യയില്‍ 90 ശതമാനം പേരുടെയും മാസവരുമാനം 7237 രൂപയില്‍ കവിയില്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനം, പ്രതിമാസ മിനിമം വേതനമായി നിജപ്പെടുത്താന്‍ ആവശ്യപ്പെടുന്ന തുക 18000 രൂപയാണ് എന്നതുകൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാകും.

ദാരിദ്ര്യം കാര്യമായ പ്രശ്നമല്ലാത്ത, വരേണ്യ-മധ്യവര്‍ഗ്ഗങ്ങളില്‍പ്പെട്ട ധാരാളം ആളുകള്‍ ഈ ചര്‍ച്ചകളിലും പങ്കെടുക്കുന്നുണ്ട്, ശരി തന്നെ. പക്ഷേ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കും ദാരിദ്ര്യം ഗൌരവമുള്ള ജീവല്‍പ്രശ്നം തന്നെയാണ്. മികച്ച വിദ്യാഭ്യാസം നേടാനാകട്ടെ, ന്യായമായ വരുമാനവും മറ്റും ഉറപ്പു നൽകുന്ന ജോലി നേടാനാകട്ടെ, സാമ്പത്തിക പിന്നോക്കാവസ്ഥ വലിയ തടസ്സങ്ങളിൽ ഒന്നു തന്നെയാണ് ഇന്ത്യയിൽ.

6. മേല്‍ത്തട്ടിനെ സംവരണത്തില്‍ നിന്നും ഒഴിവാക്കേണ്ടതില്ല എന്ന വാദത്തെപ്പറ്റി

പിന്നോക്ക സമുദായങ്ങളിലെ മേൽത്തട്ടിലുള്ള ചിലർക്ക് ആനുകൂല്യങ്ങൾ കിട്ടുന്നതു വഴി “സമുദായത്തിന്” മൊത്തം നീതി കിട്ടും, അതാണ് “സാമൂഹ്യനീതി” എന്ന മട്ടിലുള്ള വാദം തെറ്റാണ്. പിന്നോക്ക സമുദായങ്ങളിലെ മേൽത്തട്ടുകാർക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം കിട്ടുന്നത് വഴി ആ സമുദായങ്ങള്‍ക്ക് മതിയായ “പ്രാതിനിധ്യം” ലഭിക്കുന്നു എന്ന വാദവും അബദ്ധജടിലമാണ്. അതത് സമുദായങ്ങളിലെ ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്നവര്‍ക്കു കൂടി പ്രാതിനിധ്യം ലഭിക്കുമ്പോഴേ  അതിനെ സാമൂഹികനീതി എന്നു വിളിക്കാന്‍ സാധിക്കൂ.

7. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യം

എല്ലാവർക്കും മികച്ചതും സൗജന്യവും ആയ വിദ്യാഭ്യാസവും, എല്ലാവർക്കും തൊഴിലും ഉറപ്പുവരുത്തുന്ന, സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ ഇല്ലാതാകുന്ന (ഏറ്റവും കുറഞ്ഞത്, അസമത്വങ്ങൾ വളരെക്കുറഞ്ഞിരിക്കുന്ന) സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. എന്നാൽ വിവിധ സമുദായങ്ങളിലെ ചെറുന്യൂനപക്ഷങ്ങളായ വരേണ്യവർഗ്ഗക്കാരുടെ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന നയങ്ങൾ യഥാർത്ഥത്തിൽ മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ഗുണകരമായിട്ടുള്ളവയല്ല. സമുദായങ്ങൾക്കുള്ളിൽ വിവിധ വർഗ്ഗങ്ങളിൽപ്പെട്ടയാളുകളൂണ്ട്. അവരുടെ താത്പര്യങ്ങൾ ഒന്നല്ല. എല്ലാ സമുദായങ്ങളിലും പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും അവരുടെ യോജിച്ച പോരാട്ടങ്ങളുമാണ് പുതുസമൂഹസൃഷ്ടിയുടെ അടിസ്ഥാനമായി ഇടതുപക്ഷം കാണുന്നത്.

8. സ്ത്രീകള്‍ക്കുള്ള സംവരണത്തിന്റെ കാര്യത്തില്‍ എന്താണ് മേല്‍ത്തട്ടിനെക്കുറിച്ച് പറയാത്തത്?

സ്ത്രീസംവരണത്തെക്കുറിച്ച് നിലവിലുള്ള സംവാദം, നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക് സംവരണം നൽകുന്നതിനെക്കുറിച്ചാണ്. വിദ്യാഭ്യാസം, ഉദ്യോഗം എന്നിവയിൽ സംവരണം നൽകുന്നതിനെപ്പറ്റിയല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, നിയമനിർമ്മാണ സഭകളിൽ ഒബിസി സംവരണമോ മേൽത്തട്ടോ ഇല്ല. അതേസമയം സ്ത്രീ സംവരണത്തിനുള്ളിൽ ജാതിസംവരണം കൊണ്ടുവരണം എന്ന വാദവും ശക്തമായിട്ടുണ്ട്.

വിദ്യാഭ്യാസം, ഉദ്യോഗം തുടങ്ങിയ മേഖലകളിൽ സ്ത്രീ സംവരണത്തെപ്പറ്റി സംവാദം തുടങ്ങിയാൽ സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയും ചർച്ചയാവും എന്നാണ് ഇതുവരെയുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അനുമാനിക്കാവുന്നത്.

9. മുമ്പ് സംവരണം ഇല്ലാതിരുന്ന വിഭാഗങ്ങളിലെ ദരിദ്രർക്ക് സംവരണം എന്തിന്?

അക്രമാസക്തമായ രീതിയിൽ നവലിബറൽ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയ 1990-91 കാലം മുതൽ രാജ്യത്ത് അസമത്വങ്ങൾ വർദ്ധിക്കുകയാണ് ചെയ്‌തിട്ടുള്ളത്. സ്വകാര്യവൽക്കരണം, പൊതുമേഖലയിലുള്ള തൊഴിലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നതിന് വഴിതെളിച്ചു. ഉള്ള തൊഴിലുകളിൽത്തന്നെ വലിയൊരു പങ്ക് തൊഴിൽ സുരക്ഷയില്ലാത്ത തരത്തിലുള്ള, അനൗപചാരിക തൊഴിലുകളായി മാറി. രാജ്യത്ത് അതികഠിനമായ കാർഷിക പ്രതിസന്ധിയും പൊട്ടിപ്പുറപ്പെട്ടു. എന്നാൽ സംവരണത്തെ സംബന്ധിച്ചുള്ള രൂക്ഷമായ തർക്കങ്ങൾ, പൊതുമേഖലയിലുള്ള, എണ്ണം കുറഞ്ഞുകുറഞ്ഞു വരുന്ന തൊഴിലുകളെച്ചൊല്ലിയാണ്.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തണമെങ്കിൽ ഭൂപരിഷ്‌കരണം നടപ്പാക്കണം, നവലിബറൽ നയങ്ങൾ അവസാനിപ്പിക്കണം, പൊതുമേഖല വികസിപ്പിക്കണം, കുത്തകവൽക്കരണം തടയുന്ന നടപടികൾ സ്വീകരിക്കണം, പൊതുവിദ്യാഭ്യാസം വലിയ തോതിൽ വികസിപ്പിക്കണം, സമ്പന്ന വിഭാഗങ്ങൾക്കു മേൽ കൂടുതൽ നികുതി ചുമത്തണം. ഇത്തരത്തിലുള്ള നടപടികൾ സാധ്യമാകണമെങ്കിൽ, രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന, എല്ലാ സമുദായങ്ങളിലും പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ (തൊഴിലാളികൾ, കർഷകർ, മറ്റു ചെറുകിട ഉത്പാദകർ തുടങ്ങിയവർ) ഒരുമിക്കേണ്ടതുണ്ട്.

ഇത് സാധ്യമാകണമെങ്കിൽ, സംവരണത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് അല്പം ആശ്വാസം നൽകുന്ന, ന്യായമായ, ഒരു നടപടിയായി മുമ്പ് സംവരണം ലഭിക്കാതിരുന്ന സമുദായങ്ങളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളും അംഗീകരിക്കേണ്ടതുണ്ട്. ഇതിനു വഴിയൊരുക്കുന്നതിനായി, മുമ്പ് സംവരണം ലഭിക്കാതിരുന്ന വിഭാഗങ്ങളിലെ ദരിദ്രർക്ക് ഒരു ചെറിയ ശതമാനം (5 മുതൽ 10 ശതമാനം വരെ) സംവരണം നൽകണം എന്ന നിർദ്ദേശം സി.പി.ഐ.(എം.) മുന്നോട്ടു വയ്‌ക്കുകയുണ്ടായി. സംവരണേതര വിഭാഗങ്ങളുടെയിടയിലുള്ള സംവരണ വിരുദ്ധ വികാരത്തിന് തടയിടാൻ ഈ നടപടി സഹായകരമാകും എന്നാണ് സി.പി.ഐ.(എം.) ചൂണ്ടിക്കാണിച്ചത്.

ചുരുക്കിപ്പറഞ്ഞാൽ, മുമ്പ് സംവരണം ലഭിക്കാതിരുന്ന സമുദായങ്ങളിലെ ദരിദ്രർക്ക് സംവരണം നൽകുന്നതിനെ സി.പി.ഐ.(എം.) പിന്തുണയ്‌ക്കുന്നതിനു കാരണം, അത് എല്ലാ ജാതി-സമുദായങ്ങളിലും പെട്ട അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ഐക്യം കെട്ടിപ്പടുക്കുന്നതിന് സഹായകരമാകും എന്നതാണ്. സംവരണം കൊണ്ട് ദാരിദ്ര്യം ഇല്ലാതാകും എന്ന് സി.പി.ഐ.(എം.) കരുതുന്നില്ല.

ഇന്ത്യയിൽ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനായി ബിജെപി സർക്കാർ 2019-ൽ രൂപപ്പെടുത്തിയ മാനദണ്ഡങ്ങളോട് സി.പി.ഐ.(എം‌.)-ന് ശക്തമായ വിയോജിപ്പുണ്ട്. ഈ വിഷയത്തിൽ പ്രകാശ് കാരാട്ട് എഴുതിയ ലേഖനം ഇവിടെ വായിക്കാം: https://www.anticaste.in/prakash-karat-on-ten-per-cent-reservation/

10. ദരിദ്രര്‍ക്ക് സംവരണം ഏർപ്പെടുത്തുമ്പോൾ മുന്നോക്ക സമുദായങ്ങളിലുള്ളവര്‍ മാത്രമായിരിക്കുമോ അതിന്റെ ഗുണഭോക്താക്കള്‍?

(ഇത് 2017-ൽ എഴുതിയ ലേഖനത്തിന്റെ തന്നെ ഭാഗമായിരുന്നതാണ്. 2019-ലാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിനായി പാർലമെന്റ് ഭരണഘടനാ ഭേദഗതി പാസ്സാക്കുന്നത്. എന്നിരുന്നാലും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രസക്തമാണ് എന്നതുകൊണ്ട് ലേഖനത്തിന്റെ ഈ ഭാഗം മാറ്റമില്ലാതെ നിലനിർത്തുന്നു.)

നിലവിൽ സംവരണം ലഭിക്കാത്ത സമുദായങ്ങളിൽപ്പെട്ടവരിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സംവരണം ഏർപ്പെടുത്തണം എന്ന് 2003-ൽ സിപിഐ(എം) കേരള സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കുകയുണ്ടായി.

കേരള സർവകലാശാലയിൽ ബിരുദാനന്തര ബിരുദം പ്രവേശനത്തിന് ഇത്തരം സംവരണം നടപ്പാക്കിയിട്ടുണ്ട്. മൊത്തം ഏകദേശം 25 സീറ്റാണ് ഓരോ കോഴ്സിനുമുള്ളത്. അതിൽ ഓരോ സീറ്റ് വീതമാണ് സംവരണം ലഭിക്കാത്ത സമുദായങ്ങളിൽപ്പെട്ടവരിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സംവരണം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഗുണഭോക്താക്കളിൽ ഒരാൾ, സർട്ടിഫിക്കറ്റുകളിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു വിദ്യാർത്ഥിയാണ്. തങ്ങളുടെ മകൻ ജാതിരഹിതനായി വളരണം എന്ന് ബോധപൂർവം തീരുമാനിച്ച ഈഴവ സമുദായത്തിൽപ്പെട്ട മാതാപിതാക്കളുടെ മകനാണ് അദ്ദേഹം.

മുന്നോക്ക സമുദായക്കാർക്കു മാത്രമുള്ള സംവരണമാണിത് എന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ ജാതിരഹിതരായി ജീവിക്കാൻ തീരുമാനിച്ച, “താഴ്‌ന്ന” ജാതിയിൽപ്പെട്ട കുടുംബങ്ങളിൽ നിന്നു വരുന്ന ആളുകൾക്കും ഈ സംവരണത്തിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് മേൽപ്പറഞ്ഞ ഉദാഹരണം വ്യക്തമാക്കുന്നു.

സമൂഹം സമുദായങ്ങളുടെ കൂട്ടമാണ് എന്ന ബൂർഷ്വാ സങ്കല്പത്തിന് അപ്പുറം പോകാൻ തയ്യാറാകുമ്പോൾ സാധ്യമാകുന്നത് എന്തൊക്കെ എന്നതിന്റെ ചെറിയൊരു സൂചനയാണിത്. ബോധപൂർവമോ അല്ലാതെയോ, ജാതിയുടെ അതിർവരമ്പുകൾ ബലപ്പെടുത്തൽ (consolidation of caste) മാത്രമാണ് ബൂർഷ്വാ രാഷ്ട്രീയം പിന്തുടരുന്നവർ – ജാതിസമുദായ നേതാക്കൾ ഉൾപ്പെടെ – ചെയ്യുന്നത്. അതിൽ നിന്നും വ്യത്യസ്തമായി, അംബേദ്കർ പറഞ്ഞതു പോലെ ജാതിയുടെ ഉന്മൂലനം (annihilation of caste) ആണ് ഇടതു പ്രസ്ഥാനങ്ങളുടെ സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ബൂർഷ്വാ ഭാവനകളുടെ ചക്രവാളങ്ങൾ മുറിച്ചുകടന്നു കൊണ്ടു മാത്രമേ ഈ ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

11. സംവരണം വഴി സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുമോ?

2006 മെയ് 17-ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണത്തെപ്പറ്റി സിപിഐ(എം) പൊളിറ്റ് ബ്യൂറോ പുറപ്പെടുവിപ്പിച്ച പ്രസ്താവനയിലെ ആദ്യ വാചകങ്ങൾ ഇങ്ങനെയാണ്:

“The Constitutional provision of reservation for socially and economically backward classes is meant to provide access to education and jobs for the scheduled castes, scheduled tribes and other backward classes.

This provision for reservation is a partial acknowledgement of the inequities of the caste system and the discrimination and deprivation that it entailed for centuries in Indian society.

The CPI(M) has viewed such reservation as a limited step to provide opportunities for the dalits, adivasis and other backward classes to acquire education and jobs. At the same time, the CPI(M) has stressed that there can be no emancipation without basic land reforms and changes in the socio-economic system which breed exploitation and inequality.”

സംവരണം വഴി സാമൂഹികമായ പിന്നോക്കാവസ്ഥ തന്നെ പൂര്‍ണ്ണമായി പരിഹരിക്കപ്പെടില്ല. സഖാവും സുഹൃത്തുമായ ഒരാൾ പറഞ്ഞ ഒരു കാര്യം ഈ സന്ദർഭത്തിൽ ഉദ്ധരിക്കാം: “സംവരണം ഒരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല എന്നതു ശരിയാണ്. അതേസമയം സംവരണം ഒരു ജാതി ഉന്മൂലന പദ്ധതിയും അല്ല.” ജാതിയെ ഉന്മൂലനം ചെയ്യണമെങ്കിൽ, ജാതിവ്യവസ്ഥയ്‌ക്ക് ശക്തമായ പ്രഹരം ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍, രാജ്യത്ത് ഭൂവുടമസ്ഥതയുടെ കുത്തക, സമ്പന്ന, മേൽജാതി വിഭാഗങ്ങളിൽപ്പെട്ട ഒരു ന്യൂനപക്ഷത്തിന്റെ കയ്യിലായിരിക്കുന്ന അവസ്ഥയ്‌ക്ക് അറുതി വരുത്തുന്ന തരത്തിൽ, സമഗ്രമായ ഭൂപരിഷ്‌കരണം നടപ്പാക്കേണ്ടതുണ്ട്. മറ്റു തരത്തിലുള്ള സ്വത്തിന്റെ മേലുള്ള കുത്തക അവസാനിപ്പിക്കുന്ന നടപടികളും നടപ്പിലാക്കേണ്ടതുണ്ട്.

ഇതോടൊപ്പം തന്നെ ജാതിക്കെതിരെ ശക്തമായ ആശയസമരവും നടത്തേണ്ടതുണ്ട്. ബഹുമുഖമായ ജാതിവിരുദ്ധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ചൂഷണവും അസമത്വവും ഉളവാക്കുന്ന സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. സാമൂഹ്യ-സാമ്പത്തിക ഘടന മാറ്റമില്ലാതെ നിലനിര്‍ത്തിക്കൊണ്ട് സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കാം എന്നത് മിഥ്യാധാരണയാണ്. ജാതിയെ ഉന്മൂലനം ചെയ്യുന്നതിനായിട്ടുള്ള സമരം, മുതലാളിത്തത്തിനും രാജ്യത്തെ ബൂർഷ്വാ-ഭൂപ്രഭു വ്യവസ്ഥിതിക്കും എതിരായിട്ടുള്ള സമരവുമായി ലയിച്ചു ചേരുന്ന ഒന്നാണ്. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ മുഴുവനും ഒന്നിച്ചു മാത്രം നടത്താൻ പറ്റുന്ന ഒരു സമരമാണിത്.

12. സാമൂഹികമായ പിന്നോക്കാവസ്ഥയും ഭൗതിക സാഹചര്യങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണോ പറഞ്ഞു വരുന്നത്?

തീര്‍ച്ചയായും. ജാതിവ്യവസ്ഥ “ബോധത്തെ” അടിസ്ഥാനമാക്കി മാത്രം ഉണ്ടായ ഒന്നല്ല. ഭൗതിക ഉത്പാദനത്തിൽ ഉണ്ടായ മാറ്റങ്ങളുടെ ഭാഗമായിത്തന്നെയാണ് ഇന്ത്യയിൽ ജാതിവ്യവസ്ഥ ഉടലെടുത്തത്. (സ്വത്വവാദികള്‍ വേണമെങ്കില്‍ കണ്ണിറുക്കിപ്പിടിച്ചോളൂ.)

ചരിത്രപരമായി ജാതി നിർവഹിച്ച ധർമ്മം, ഭരണവർഗ്ഗങ്ങൾക്ക് സമൂഹത്തിനു മേലുള്ള നിയന്ത്രണം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ്. മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ചെയ്യാനാവുന്ന തൊഴിലുകളുടെ മേലും അവർക്ക് കൈവശം വയ്ക്കാവുന്ന ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ മേലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരിക വഴി, ഭരണവർഗ്ഗങ്ങൾക്കു വേണ്ടി നിസ്സാരമായ പ്രതിഫലത്തിന് പണിയെടുക്കാൻ ആളെ ഉറപ്പുവരുത്തി മിച്ചമൂല്യം ഊറ്റിയെടുത്താണ് ഇത് സാധ്യമാക്കിയത്.

അല്പം ലളിതവൽക്കരിച്ചു പറഞ്ഞാൽ, ഭരണവര്‍ഗ്ഗങ്ങള്‍ക്കു വേണ്ടി തൊഴിലെടുക്കാൻ കുറഞ്ഞ ചെലവില്‍ ആളുകളെ കിട്ടും എന്ന് ഉറപ്പുവരുത്തി. ജനങ്ങളിൽ ഭൂരിഭാഗത്തിനും വേറെ ഓപ്‌ഷൻ ഇല്ലായിരുന്നു – കാരണം നിഷ്‌കർഷിച്ചിട്ടുള്ള തരത്തിലുള്ള ജോലികളേ ചെയ്യാൻ അനുവാദമുള്ളൂ, ദളിതര്‍ക്കും മറ്റും ഭൂമി കൈവശം വയ്ക്കാൻ അനുവാദമുണ്ടായിരുന്നുമില്ല.

ഈ വ്യവസ്ഥയെ ഊട്ടിയുറപ്പിക്കാനാണ് ജാതി “ബോധം” ഉപയോഗിച്ചത്.

ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. ജാതിവ്യവസ്ഥ പലരും തെറ്റിദ്ധരിക്കുന്നതു പോലെ ബ്രാഹ്മണരെ മാത്രം സേവിക്കുന്ന ഒന്നല്ല. ജാതിയുടെ ഉത്ഭവത്തിലും നിലനിൽപ്പിലും നേതൃപരമായ പങ്ക് ബ്രാഹ്മണർക്കുണ്ട്. എന്നാൽ ജാതിവ്യവസ്ഥ, ഭരണവർഗ്ഗ താത്‌പര്യങ്ങൾ മൊത്തമായിട്ടു തന്നെയാണ് സംരക്ഷിച്ചത്. തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉതകുന്നുണ്ട് എന്നതിനാൽ ഇന്‍ഡോ-മുസ്ലിം ഭരണകർത്താക്കളും ജാതിവ്യവസ്ഥയെ നിലനിർത്തുകയാണുണ്ടായത്. ബ്രാഹ്മിണിസത്തിന്റെ ഗുണഭോക്താക്കൾ ബ്രാഹ്മണർ മാത്രമല്ല, ഭരണവർഗ്ഗങ്ങൾ മൊത്തമാണ് എന്നു ചുരുക്കം.

ജാതി ഉന്മൂലനം ചെയ്യാന്‍ വേണ്ടിയുള്ള പോരാട്ടം ഒരേ സമയം ബ്രാഹ്മിണിസത്തിന് അടിത്തറ പകരുന്ന സാമ്പത്തിക അസമത്വത്തിനെതിരെയും, അതിന്റെ അവിഭാജ്യ ഘടകമായ ബ്രാഹ്മിണിക്കൽ ബോധത്തിനെതിരെയും ആണ്.

ഇതെല്ലാം “യാന്ത്രിക” മാര്‍ക്സിസ്റ്റ് വീക്ഷണമാണെന്നും ഇതില്‍ നിന്നും സിപിഐ(എം) മാറണമെന്നും ശഠിക്കുന്നവര്‍ പോയിന്റ് 15 കാണുക.

13. സംവരണം വഴി ദാരിദ്ര്യം പരിഹരിക്കപ്പെടുമോ?

ദാരിദ്ര്യത്തിനു കാരണം, വർഗ്ഗവിഭജിത സമൂഹത്തിൽ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അധ്വാനമാണ് ന്യൂനപക്ഷം വരുന്ന ഭരണവർഗ്ഗങ്ങളുടെ സമ്പത്തിന്റെ സ്രോതസ്സ് എന്നതാണ്. മുതലാളിത്തത്തിൽ ഈ പ്രക്രിയ പൂർവാധികം ശക്തി പ്രാപിക്കുകയും അസമത്വം ചരിത്രം കണ്ടിട്ടില്ലാത്ത തോതിൽ വളരുകയുമാണ് ചെയ്യുന്നത്. നാളെ മുതൽ ഇന്ത്യയിൽ എല്ലാവരുടെയും ജാത്യഭിമാനം അദ്ഭുതകരമായി ഇല്ലാതാകുകയാണ് എന്നു സങ്കൽപ്പിക്കുക. മഹാഭൂരിപക്ഷം പേരും (എല്ലാ ജാതിയിലുള്ളവരും) അപ്പോഴും ദരിദ്രരായി തുടരും.

തൊഴിലില്ലായ്മയില്ലാതെ മുതലാളിത്തത്തിനു നിലനില്‍ക്കാനാവില്ല. അതുകൊണ്ടു തന്നെ തൊഴിലില്ലായ്മ തുടച്ചു നീക്കാന്‍ മുതലാളിത്ത വ്യവസ്ഥിതി തന്നെ ഇല്ലാതാവുകയും ആസൂത്രിത സോഷ്യലിസ്റ്റ് സമ്പദ്‌ഘടന കെട്ടിപ്പടുക്കുകയും വേണം. രാജ്യത്തെ വരുമാനവും വിഭവങ്ങളും സ്വത്തുക്കളും ഒരു ചെറിയ ന്യൂനപക്ഷം കൈയ്യടക്കി വയ്ക്കാന്‍ അനുവദിക്കാത്ത, എല്ലാവര്‍ക്കും മാന്യമായ തൊഴിലും ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്തുന്ന അത്തരമൊരു വ്യവസ്ഥിതിയിലേ ഇന്ത്യയിലെ ദാരിദ്ര്യവും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയുള്ളൂ.

സംവരണം കൊണ്ടു മാത്രം സാമൂഹികമായ പിന്നോക്കാവസ്ഥയോ സാമ്പത്തികമായ പിന്നോക്കാവസ്ഥയോ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടില്ല.

എന്തിനുവേണ്ടിയാണ് സംവരണം എന്നതിനെപ്പറ്റിയുള്ള ബൂർഷ്വാ നിലപാടല്ല കമ്മ്യൂണിസ്റ്റുകാർക്കുള്ളത്. സമൂഹത്തെ സമുദായങ്ങളുടെ കൂട്ടമായി (Society is constituted by “communities”) കാണുന്ന ബൂർഷ്വാ കാഴ്ചപ്പാടിൽ ഊന്നിയതാണ് സംവരണത്തെപ്പറ്റി മിക്കവാറും ബൂർഷ്വാ പാർട്ടികളുടെയും ജാതി സംഘടനകളുടെയും നിലപാട്. ഈ നിലപാട് കമ്മ്യൂണിസ്റ്റുകാർ പിൻപറ്റിക്കൊള്ളണം എന്നു ശഠിക്കുന്നതില്‍ എന്തു യുക്തിയാണുള്ളത്?

14. ഭരണഘടന

മുമ്പ്‍ സംവരണം ലഭിക്കാതിരുന്ന വിഭാഗങ്ങളിലുള്ളവരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊടുക്കുന്നതിനെപ്പറ്റി ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടായിരുന്നില്ല. മാത്രവുമല്ല, 50 ശതമാനത്തിലധികം സംവരണം സാധ്യമായിരുന്നില്ല താനും. അതുകൊണ്ട് ഇത് നടപ്പാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണം എന്ന് സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു.

ഭരണഘടനയിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പറയാന്‍ പാടില്ല എന്ന മട്ടില്‍ ചിലര്‍ വാദിച്ചിരുന്നു. ഇതില്‍ യാതൊരു കഴമ്പുമില്ല. കമ്മ്യൂണിസം ഭരണഘടനയിൽ പറഞ്ഞിട്ടില്ല എന്നു വച്ച് കമ്മ്യൂണിസ്റ്റുകാർ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുമോ? ഗോവധം നിരോധിക്കണം എന്ന് ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങളിൽ പറയുന്നുണ്ട് എന്നതുകൊണ്ട് അതിനെ അനുകൂലിക്കുമോ? എന്തിന്, സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കുന്ന നിയമം സുപ്രീം കോടതി റദ്ദാക്കിയത് അത് ഭരണഘടനാ വിരുദ്ധമാണെന്നു പറഞ്ഞിട്ടാണ്. അതുകൊണ്ട് സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കണം എന്നു പറയുന്നത് തെറ്റാകുമോ?

15. സിപിഐ(എം) ജാതിവ്യവസ്ഥയെ സംബന്ധിച്ച വിശകലനം തിരുത്തണം എന്ന് ശഠിക്കുന്നവര്‍ക്ക് ചെയ്യാവുന്നത്.

ജാതിവ്യവസ്ഥയെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും മറ്റും പഠനങ്ങളെയും കൂടി അടിസ്ഥാനമാക്കിയാണ് സിപിഐ(എം) ജാതിക്കെതിരായ പോരാട്ടത്തെപ്പറ്റിയുള്ള നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. ജാതിവ്യവസ്ഥയുടെ ഉദ്ഭവം, പരിണാമം തുടങ്ങിയ വിഷയങ്ങളില്‍ മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്, ഭൗതിക സാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ ജാതിവ്യവസ്ഥയുടെ രൂപപ്പെടലിലും വികാസത്തിലും നിര്‍ണ്ണായക പങ്കു വഹിച്ചു എന്നാണ്. ഇതിനെപ്പറ്റി വിശദീകരിച്ചിട്ടുള്ള ഡി.ഡി. കൊസാംബിയുടെയും ഇർഫാൻ ഹബീബിന്റെയുമൊക്കെ ഗവേഷണഫലങ്ങൾ തെളിവു സഹിതം ഖണ്ഡിക്കുക. കമ്മ്യൂണിസ്റ്റുകാർ താനേ നിലപാട് മാറ്റിക്കൊള്ളും.

16. വാല്‍ക്കഷണം:

ഇത് ചില സ്വത്വവാദി സുഹൃത്തുക്കളുടെ അറിവിലേയ്ക്കാണ്.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം കൊടുക്കുന്നതിന് അനുകൂലമാണ് 2006 മുതലെങ്കിലുമുള്ള ബി.എസ്.പി. നിലപാട്. 2017-ലും ഈ നിലപാട് മായാവതി ആവര്‍ത്തിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ അടിക്കുറിപ്പില്‍.

17. കൂടുതല്‍ വായനയ്‌ക്ക്:

(i) വിഷയത്തിൽ താത്‌പര്യമുള്ളവർ നിർബന്ധമായും വായിക്കേണ്ട ലേഖനം; ഇ.എം.എസ്. 1995-ൽ എഴുതിയത് :

The Marxist Definition: Class and Caste in ‘Creamy Layer’ Controversy

(ii) ജാതിയുടെ ഉദ്ഭവം, പരിണാമം എന്നിവയെ സംബന്ധിച്ച് വിഖ്യാത മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ ക്ലാസിക് ലേഖനം. ജാതിവ്യവസ്ഥയും ഭൗതികസാഹചര്യങ്ങളും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും, ഭൗതികസാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ വിവിധ ജാതികളുടെ സാമൂഹികനിലയെ ബാധിക്കുന്നില്ലെന്നും, ജാതിവ്യവസ്ഥ എന്നത് മതബോധത്തെ അടിസ്ഥാനമാക്കി മാത്രം നിലനില്‍ക്കുന്നതാണെന്നും, ജാതികള്‍  തമ്മില്‍ സാമൂഹികനിലയിലുള്ള ആപേക്ഷിക അന്തരങ്ങള്‍ എല്ലാക്കാലത്തും ഒരുപോലെ നിലനിന്നിരുന്നതാണെന്നും ഒക്കെ ധരിച്ചുവച്ചിരിക്കുന്നവര്‍ നിര്‍ബന്ധമായും വായിക്കേണ്ട ഒന്ന്.

“Caste in Indian History”, by Irfan Habib

(iii) സംവരണത്തെ സംബന്ധിച്ച സിപിഐ(എം) നിലപാടിനെപ്പറ്റി ഡോ. ടി.എം. തോമസ് ഐസക്:

അടിക്കുറിപ്പ്

ഈ വിഷയത്തിലുള്ള ബി.എസ്.പി. നിലപാട് വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പുകള്‍:

1. http://www.hindustantimes.com/assembly-elections/up-elections-vote-bsp-or-suffer-atrocities-mayawati-to-minorities-dalits/story-iJsZ96J1jpol13XJcvXtNO.html

Feb 11, 2017

The BSP supremo also promised reservation on economic basis for the upper castes and warned the Dalits of losing reservation if they vote BJP to power.

2. http://www.business-standard.com/article/economy-policy/cong-dividing-upper-castes-obcs-bsp-106041101037_1.html

April 11, 2006

Former Uttar Pradesh chief minister Mayawati today accused the Congress of putting the OBCs and upper castes on a collision course through its move to reserve seats for the backward castes in top educational institutions like IITs and IIMs.

Wary of alienating the backward classes, the Bahujan Samajwadi Party (BSP) leader, however, said her party was not opposed to the move per se but was against politicisation of reservations, that had led to friction between the upper castes and the OBCs. The government should have taken the upper castes into confidence, she said.

To avoid any conflict between the two groups, she suggested that the number of general seats in elite institutions should be increased so that reservation for OBCs did not affect the chances of general candidates. The BSP leader said she would write to Prime Minister Manmohan Singh in this regard.

The BSP leader, who has been organising meetings and rallies to woo the upper castes and bring them with the SCs/STs on the BSP platform, said she was ready to support any move for reservation to economically backward upper castes.

3. http://www.indiatvnews.com/politics/national/bsp-supremo-mayawati-seeks-quotas-in-promotions-34092.html

30 Nov 2015

BSP chief Mayawati on Monday demanded reservation for Dalits and tribals during promotions in the government and the private sector.

Speaking in the Rajya Sabha, she also sought reservation for economically backward upper caste people.

“Prime Minister Narendra Modi said a lot in his concluding remarks during the constitution debate on Friday,” she said.

“It would have been better if he had announced strong schemes for the weaker sections of the society like reservation for ST/SCs in promotion, reservation in private sector and reservation for economically backward class of the upper caste,” the Bahujan Samaj Party chief said.

4. http://www.news18.com/news/politics/mayawati-slams-pm-modi-says-hindus-do-not-prefer-cremation-grounds-in-villages-1353334.html

February 26, 2017

Addressing a rally in Gorakhpur, BSP chief Mayawati called for reservation to economically backward communities.

Leave a comment