സിറിയയില്‍ സംഭവിക്കുന്നതെന്ത്?

സുബിന്‍ ഡെന്നിസ്

സിറിയയെപ്പറ്റിയുള്ള പോസ്റ്റുകളുടെ പ്രളയമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍. സിറിയയിലെ സംഭവവികാസങ്ങള്‍ ലോകം അവഗണിക്കുന്നു എന്നും മറ്റുമുള്ള അടിക്കുറിപ്പുകളും വിവരണങ്ങളുമായി ചിത്രങ്ങളും വിഡിയോകളും ഷെയര്‍ ചെയ്യുന്നുണ്ട് ധാരാളം പേര്‍.

“വിമത പോരാളികള്‍“ എന്നു പറയപ്പെടുന്നവരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഘൂട്ട പ്രദേശം തിരിച്ചുപിടിക്കാനുള്ള സിറിയന്‍ സര്‍ക്കാരിന്റെ ശ്രമമാണ് ഇതിന്റെയൊക്കെ പശ്ചാത്തലം. കഴിഞ്ഞ കുറച്ചു കാലമായി അല്‍-ഖായിദയുടെയും സമാനസ്വഭാവമുള്ള മറ്റു സംഘടനകളുടെയും ഭാഗമായി പ്രവര്‍ത്തിക്കുന്ന “വിമതരുടെ” (അടിസ്ഥാനപരമായി ഭീകരവാദികളുടെ) അധീനതയിലാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ നിന്നും വെറും 15 കിലോമീറ്റര്‍ മാത്രം കിഴക്കായി സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ഘൂട്ട.

ദമാസ്‌കസ് കുറച്ചു നാളായി കിഴക്കന്‍ ഘൂട്ടയില്‍ നിന്നും വലിയ തോതിലുള്ള ഷെല്ലിങ്ങും ആക്രമണങ്ങളും നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 16 മുതല്‍ ഈ ആക്രമണങ്ങള്‍ ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് 18 കുട്ടികളും 14 സ്ത്രീകളും ഉള്‍പ്പെടെ 116 പേര്‍ കൊല്ലപ്പെട്ടു എന്നാണ് “വിമത” അനുകൂല വാര്‍ത്താ സ്രോതസ്സുകള്‍ തന്നെ പറയുന്നത്. സിറിയന്‍ സര്‍ക്കാര്‍ കിഴക്കന്‍ ഘൂട്ട തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതോടെ, അതിന്റെ സ്വാഭാവികതുടര്‍ച്ചയെന്ന വണ്ണം, നാം കാണുന്ന ഈ മാധ്യമപ്രചാരണങ്ങള്‍ തുടങ്ങിയതായി കാണാം.

ഈ വിഷയത്തെ സംബന്ധിച്ച്‍ ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും മറ്റും വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രചാരണങ്ങളില്‍ നല്ലൊരു ശതമാനത്തിന്റെയും സ്രോതസ്സ് ‘ന്യൂ യോര്‍ക്ക് ടൈംസ്’, ‘ഗാര്‍ഡിയന്‍’ തുടങ്ങിയ പാശ്ചാത്യ മാധ്യമ ശൃംഖലകളും ‘അല്‍ ജസീറ’, അല്‍ ജസീറയുടെ തന്നെ കീഴിലുള്ള ‘എ.ജെ. പ്ലസ്’, ‘അല്‍ അറബിയ’ മുതലായ പശ്ചിമേഷ്യന്‍ മാധ്യമങ്ങളുമാണ്. ഇതിന്റെ പ്രാധാന്യം എന്താണെന്ന് വഴിയേ പറയാം.

സിറിയയ്‌ക്കെതിരെ ഭീകരമായ യുദ്ധം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യവുമായി അമേരിക്കന്‍ സൈന്യം തന്നെ ആ രാജ്യത്ത് നേരിട്ട് ഇടപെടാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു.

സിറിയയ്‌ക്കെതിരെയുള്ള യുദ്ധത്തിന്റെ മുന്‍‌പന്തിയിലുള്ളത്, ലോകത്തുതന്നെ ഏറ്റവും അപകടകാരികളില്‍പ്പെടുന്ന മതമൌലികവാദികളുടെയും തീവ്രവാദികളുടെയും സംഘങ്ങളാണ്. “വിമതര്‍” എന്ന് പാശ്ചാത്യമാധ്യമങ്ങള്‍ വിളിക്കുന്ന ഇക്കൂട്ടര്‍ക്ക് , അമേരിക്ക, അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം, സൌദി അറേബ്യ  നേതൃത്വം നല്‍കുന്ന, രാജാധിപത്യം നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സംഘം , തുര്‍ക്കി എന്നിവയുടെ പിന്തുണയുണ്ട്.

ഹൂ ആര്‍ യൂ? തും കോന്‍ ഹോ?”, അഥവാ ആരാണീ “വിമതര്‍”?

“വിമത പോരാളികളുടെ” സംഘങ്ങളില്‍ ഏറ്റവും ശക്തമായത്, ജഭത് അല്‍-നുസ്ര (അല്‍-നുസ്ര മുന്നണി) എന്ന സംഘടനയാണ്. അല്‍-ക്വയ്ദയുടെ സിറിയന്‍ ശാഖയാണ് അല്‍-നുസ്ര മുന്നണി. ആദ്യം  ജഭത് ഫത്തേഹ് അല്‍-ഷാം എന്നും പിന്നീട് മറ്റു ചില സംഘടനകളുമായി ലയിച്ചതിനെത്തുടാര്‍ന്ന് തഹ്രീര്‍ അല്‍-ഷാം എന്നും പേരുമാറ്റം നടത്തിയിട്ടുണ്ട് അല്‍-നുസ്ര മുന്നണി. സംഘടനയുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് പ്രത്യേകിച്ച് പറയേണ്ടല്ലോ.  “വിമത” ഗണങ്ങളില്‍ ഏറ്റവുമധികം പൈശാചികവും ഭീകരവുമായ പ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുന്നത് ഇവരാണ് എന്നു പറയാം.

ഇതോടൊപ്പം മറ്റു സംഘങ്ങളുമുണ്ട്. സൌദി  അറേബ്യയുടെ നിഴല്‍‌സേനയായ (proxy army – ഒരു തരത്തില്‍ കൂലിപ്പട്ടാളം എന്നുപറയാം) ജെയ്ഷ് അല്‍-ഇസ്ലാം ആണ് പ്രധാനപ്പെട്ട ഒന്ന്. സൌദിയിലും  കുവൈറ്റിലും നിന്നുള്ള വഹാബി മതമൌലികവാദികളാണ് ഇക്കൂട്ടരുടെ സാ‍മ്പത്തിക സ്രോതസ്സ്. തുര്‍ക്കിയുടെ നിഴല്‍‌സേനയായ അഹ്രാര്‍ അല്‍-ഷാം ആണ് മറ്റൊന്ന്.

മറ്റൊന്ന് ഹരാകത് അല്‍-ദിന്‍ അല്‍-സെന്‍കി എന്ന സംഘമാണ്. പന്ത്രണ്ടു വയസ്സുള്ള പലസ്‌തിനിയന്‍ ബാലനെ ചാരനെന്ന് മുദ്രകുത്തി തലയറുത്ത് വധിച്ചതിനു ശേഷം, തലയറുക്കുന്ന വിഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്‌ത് കുപ്രസിദ്ധിയാര്‍ജ്ജിച്ച കൂട്ടരാണ് ഇവര്‍.

നിനക്കെന്തുവേണം ? വാട്ട് ഡു യൂ വാണ്ട്?” അഥവാ ‘വിമതര്‍ക്ക്’/ഭീകരവാദികള്‍ക്ക് എന്താണ് വേണ്ടത്?

അല്‍-ഖായിദയ്‌ക്ക് എന്താണു വേണ്ടത് എന്നത് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. ലളിതമായിപ്പറഞ്ഞാല്‍, സ്‌ത്രീകള്‍ അടിമകളെപ്പോലെയും മതന്യൂനപക്ഷങ്ങള്‍ (കൊല്ലപ്പെട്ടില്ലെങ്കില്‍) രണ്ടാം കിട പൌരന്മാരായും കണക്കാക്കപ്പെടുന്ന ഒരു സമൂഹം സൃഷ്‌ടിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. വഹാബിസ്റ്റ് മതമൌലികവാദത്തില്‍   അധിഷ്‌ഠിതമായ അവരുടെ ലോകവീക്ഷണമാണ് ഈ ഉദ്ദേശ്യത്തിന്റെ പിന്നില്‍.

ഈ ഭീകരവാദികളെ എന്തുകൊണ്ടാണ് സൗദിയും മറ്റ് ഗള്‍ഫ് ഏകാധിപതികളും പിന്തുണയ്ക്കുന്നത്?

പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്തെ അറബ് രാജ്യങ്ങളില്‍ ഇറാഖ് ഒഴികെയുള്ളവയിലെല്ലാം നിലനില്‍ക്കുന്നത് ഏകാധിപത്യ രാജഭരണകൂടങ്ങളാണ്. ഈ രാജ്യങ്ങളുടെ സംഘത്തിനു നേതൃത്വം നല്‍കുന്നത്, ലോകത്തെമ്പാടുമുള്ള മതമൗലികവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന സൗദി അറേബ്യയെന്ന പ്രാകൃതരാജഭരണകൂടമാണ്.

ഈ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സിറിയ ഒരു പ്രശ്‌നമാണ്. കാരണം അവരില്‍ നിന്നും വ്യത്യസ്‌തമായി, സിറിയ ഒരു മതേതര രാഷ്‌ട്രമാണ്, റിപ്പബ്ലിക്കുമാണ്. സിറിയ ഉയര്‍ത്തിപ്പിടിക്കുന്ന അറബ് ദേശീയത, ആ പ്രദേശത്തെ പിന്തിരിപ്പന്‍ രാജഭരണകൂടങ്ങള്‍ക്ക് എന്നും ഭീഷണിയായിരുന്നു.

1940-കളുടെ അവസാനം മുതല്‍ അറബ് പ്രദേശത്ത് നിലനില്‍ക്കുന്ന ചരിത്രപരമായ പോരാട്ടത്തിന്റെ ഒരു ഭാഗത്ത് പിന്തിരിപ്പന്‍ രാജഭരണകൂടങ്ങളും, മറുഭാഗത്ത് മതേതര, റിപ്പബ്ലിക്കന്‍, സയണിസ്റ്റ് വിരുദ്ധ, രാജഭരണവിരുദ്ധ അറബ് ദേശീയത മറുഭാഗത്തുമായിരുന്നു എന്ന് വിഖ്യാത രാഷ്‌ട്രീയചിന്തകനായ എജാസ് അഹ്മദ് ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു പ്രാദേശികശക്തിയായ തുര്‍ക്കിയിലെ ഇസ്ലാമിസ്റ്റ് ഭരണകൂടവും സിറിയന്‍ സര്‍ക്കാര്‍ നിലം‌പതിക്കണമെന്നാണ് താല്പര്യപ്പെടുന്നത്.

അമേരിക്ക എന്തിനാണീ ഭീകരവാദികളെ പിന്തുണയ്ക്കുന്നത്?

പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇറാഖിനും ലിബിയയ്‌ക്കും സംഭവിച്ചത് എന്താണെന്ന് ഓര്‍മ്മയുള്ളവരുടെയെല്ലാം മനസ്സില്‍ ഓടിയെത്തുന്ന ഒരു കാര്യമുണ്ട് – എണ്ണ. സിറിയ ഉത്പാദിപ്പിക്കുന്ന പെട്രോളിയം എണ്ണയുടെ അളവ് താരതമ്യേന കുറവാണ്. അതേസമയം, ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളതും ഭാവിയില്‍ സാധ്യതയുള്ളതുമായ എണ്ണ / വാതക പൈപ്പ്‌ലൈനുകളെ സംബന്ധിച്ചിടത്തോളം, സിറിയയുടെ സ്ഥാനം പ്രധാനപ്പെട്ടതാണു താനും.

കൂടുതല്‍ പ്രാധാന്യമുള്ള കാര്യം, സൌദിയും മറ്റ് ഗള്‍ഫ് രാജഭരണകൂടങ്ങളും അമേരിക്കയുടെ ഉറച്ച സഖ്യകക്ഷികളായിരിക്കെ, സിറിയ അതിന്റെ സ്വതന്ത്രനിലപാട് കാത്തുസൂക്ഷിച്ചു എന്നുള്ളതാണ്.

പ്രദേശത്തെ ഭരണകൂടങ്ങളില്‍, നേരത്തെ പറഞ്ഞ അറബ് ദേശീയതയുടെ അവസാനത്തെ പ്രതിനിധിയാണ് സിറിയ.

സാമ്രാജ്യത്വവിരുദ്ധ, സയണിസ്റ്റ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന, അറബ് ദേശീയ, സോഷ്യലിസ്റ്റ് ശക്തികള്‍ക്കെതിരെ പൊരുതുന്നതിനായി, ഇസ്ലാമിസ്റ്റ് ശക്തികളെയും ഭരണകൂടങ്ങളെയുമാണ് അമേരിക്ക പിന്തുണച്ചുപോന്നിട്ടുള്ളത്. സിറിയയാകട്ടെ, സോഷ്യലിസ്റ്റ് ചേരി നിലനിന്നിരുന്ന കാലത്ത് ആ ചേരിയുമായി ചേര്‍ന്നു നിന്നിരുന്നു. മൊത്തത്തില്‍ നോക്കിയാല്‍, വന്‍‌കിട അമേരിക്കന്‍ കമ്പനികളുടെ താല്പര്യത്തിന് വേണ്ടത്ര സഹായകമായിരുന്നിട്ടില്ല സിറിയയുടെ നയങ്ങള്‍.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, അമേരിക്ക ഭീഷണിയായി കാണുന്ന ഇറാനിലെ സര്‍ക്കാരുമായിട്ടും സിറിയ അടുപ്പം സ്‌ഥാപിച്ചിട്ടുണ്ട്.

ചരിത്രപരമായി ഇസ്രയേലിന്റെ എതിരാളി കൂടിയാണ് സിറിയ. സിറിയയുടെ ഭാഗമായ ഗോലാന്‍ കുന്ന് എന്ന പ്രദേശം ഇസ്രയേല്‍ കയ്യടക്കിവച്ചിരിക്കുകയുമാണ്. പലസ്‌തിനിയന്‍ ജനതയുമായി അടുത്ത ബന്ധമാണ് സിറിയയ്‌ക്കുള്ളത്. പലസ്‌തീനിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തിന് സിറിയയുടെ ഐക്യദാര്‍ഢ്യം എന്നുമുണ്ടായിട്ടുണ്ട്. 18 വര്‍ഷം തെക്കന്‍ ലെബനന്‍ കയ്യടക്കിവച്ചിരുന്ന ഇസ്രയേലിനെ ആ പ്രദേശത്തുനിന്നും തുരത്താനുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്ത ഹെസ്ബൊള്ളയുമായും ഊഷ്‌മളമായ ബന്ധമാണ് സിറിയയ്‌ക്കുള്ളത്. സിറിയ തകര്‍ന്നാല്‍പ്പിന്നെ ഇസ്രയേലിന്റെ അയല്പക്കത്ത് എതിരാളിയായി ഒരു അറബ് ഭരണകൂടം ഉണ്ടാവില്ല.

അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചിരുന്ന ഭരണകൂടങ്ങള്‍ മറ്റെല്ലായിടത്തും പരാജയമടഞ്ഞു. സിറിയ മാത്രമാണ് ഇനി ബാക്കിയുള്ളത്. അതുംകൂടി ഇല്ലാതാകണം എന്നതാണ് അമേരിക്കയുടെ താല്പര്യം. അതിനായിട്ടാണ് സിറിയയില്‍ “ഭരണകൂട മാറ്റം” (regime change) കൊണ്ടുവരാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍.

ഈ ലക്ഷ്യം മുന്‍‌നിര്‍ത്തി, പ്രദേശത്തെ ഇസ്ലാമിസ്റ്റ് ഭരണകൂടങ്ങല്‍ പിന്തുണയ്‌ക്കുന്ന ഭീകരവാദികളെ പണവും, ആയുധങ്ങളും, സൈനികപിന്തുണയും നല്‍കി അമേരിക്ക സഹായിച്ചുവരികയായിരുന്നു.

ലോകത്ത് ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച പല ഇസ്ലാമിസ്റ്റ് സേനകള്‍ക്കും അമേരിക്കയുടെയും അവരുടെ സഖ്യകക്ഷികളുടെയും അകമഴിഞ്ഞ പിന്തുണ കിട്ടിയിട്ടുണ്ട് എന്ന് ചരിത്രം പരിശോധിക്കുമ്പോള്‍ കാണാം. ഉദാഹരണത്തിന്, താലിബാന്‍ ആയി മാറിയ അഫ്ഘാനിസ്ഥാനിലെ മുജാഹിദീനിനെ പിന്തുണച്ചതും വളര്‍ത്തിയതും അമേരിക്ക ആയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് പോലും, അമേരിക്കയും സഖ്യകക്ഷികളും കൂടി ഇറാഖിനെ നശിപ്പിച്ചതിന്റെ ഉപോല്‍പ്പന്നമാണ്.

എന്താണ് ഇപ്പോഴത്തെ മാധ്യമപ്രചാരണത്തിനു പിന്നില്‍?

കുറെയധികം കാലമായി യുദ്ധങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന പ്രദേശമാണ് പശ്ചിമേഷ്യ. വിവിധ നഗരങ്ങളെ ഭീകരവാദസംഘങ്ങളുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്.

റഖ എന്ന സിറിയന്‍ നഗരത്തെ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും പിടിച്ചെടുക്കുന്നതിനായി അമേരിക്കന്‍ പിന്തുണയുള്ള സഖ്യസേന നടത്തിയ യുദ്ധത്തില്‍ 3200-ലധികം സിവിലിയന്‍ ജനങ്ങള്‍ (പട്ടാളക്കാരോ പോരാളികളോ അല്ലാത്തവര്‍) കൊല്ലപ്പെട്ടിരുന്നു. സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിനായി ഐക്യരാഷ്‌ട്രസഭ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടപ്പോള്‍ അതുപോലും അമേരിക്ക നിരസിച്ചിരുന്നു.

ഇസ്ലാമിക്‍സ്റ്റേറ്റില്‍നിന്നും മൊസുള്‍എന്ന ഇറാഖി നഗരത്തിന്റെ നിയന്ത്രണം തിരികെപ്പിടിക്കുന്നതിനായി അമേരിക്കന്‍പിന്തുണയുള്ള ഇറാഖി സേന നടത്തിയ യുദ്ധത്തില്‍11000 സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.

അമേരിക്ക യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെടുന്ന രോദനങ്ങളും മാധ്യമപ്രചാരണങ്ങളും അന്നുണ്ടായില്ല.

മറിച്ച്, അമേരിക്കന്‍ സാമ്രാജ്യത്വവുമായി സഖ്യത്തിലേര്‍പ്പെടാന്‍ വിസമ്മതിക്കുന്ന ഒരു പരമാധികാര രാഷ്‌ട്രം, അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പിന്തുണയുള്ള ഭീകരവാദികള്‍ കൈവശപ്പെടുത്തിയിരിക്കുന്ന തങ്ങളുടെ തന്നെ ഒരു നഗരം തിരികെപ്പിടിക്കുന്നതിന് തൊട്ടടുത്തെത്തുന്ന അവസരങ്ങളിലാണ് ഇത്തരം പ്രചാരണങ്ങള്‍ ഉടലെടുക്കുന്നതായി കാണുന്നത്.

ഭീകരവാദികളില്‍ നിന്നും സിറിയന്‍ സൈന്യം സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ മോചിപ്പിച്ച 2016 ഡിസംബറില്‍ നാം #SaveAleppo എന്ന പ്രചാരണം കണ്ടു. ഇപ്പോള്‍ സിറിയന്‍ സര്‍ക്കാര്‍ കിഴക്കന്‍ ഘൂട്ട മോചിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോള്‍‍ വീണ്ടും സമാനമായ പ്രചാരണമാണ് ഉണ്ടാകുന്നത്.

#SaveAleppo പ്രചാരണത്തിന്റെ ഒരു പ്രധാനഭാഗമായിരുന്നു ‘വൈറ്റ് ഹെല്‍മെറ്റുകള്‍’ എന്ന സംഘത്തെ സംബന്ധിച്ച പ്രചാരണങ്ങള്‍. ഭീകരവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍-ബ്രിട്ടീഷ് ഏജന്റുമാരാണ് യഥാര്‍ത്ഥത്തില്‍ ‘വൈറ്റ് ഹെല്‍മെറ്റുകള്‍’. അവരെ ചുറ്റിപ്പറ്റിയുള്ള പ്രചാരണങ്ങള്‍ ഇത്തവണവയും ആവര്‍ത്തിക്കുന്നുണ്ട്. പാശ്ചാത്യ-ഇസ്ലാമിസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടുകളും മറ്റും വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് യു.കെ.യിലെ കൊവെന്റ്രി കേന്ദ്രീകരിച്ച് ഒരാള്‍ (ഒരാളേയുള്ളൂ) നടത്തുന്ന ‘സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്’ (SOHR) എന്ന ഭീകരവാദി അനുകൂല സംഘടന.

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്, ഇപ്പോള്‍ പ്രചരിക്കുന്ന പല ചിത്രങ്ങളും സിറിയയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളുമായി ബന്ധമില്ലാത്തവയാണ് എന്നതാണ്. ചില ചിത്രങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മറ്റ് ചിലത് സിറയയില്‍നിന്നേയല്ല! ഉദാഹരണത്തിന്, ഇറാഖി നഗരമായ മൊസുളില്‍നിന്ന് 2017-ല്‍ എടുത്ത ഒരു അച്ഛന്റെയും മകളുടെയും ഫോട്ടോ സിറിയയില്‍ നിന്നാണെന്ന വ്യാജേന പ്രചരിപ്പിക്കുകയും ആളുകള്‍ അത് പങ്കുവയ്‌ക്കുകയും ചെയ്യുന്നുണ്ട്.

എന്തുകൊണ്ടാണ് പശ്ചാത്യമാധ്യമങ്ങളും അല്‍ ജസീറയും സിറിയയ്‌ക്കെതിരായ യുദ്ധത്തെ പിന്തുണയ്‌ക്കുന്നത്?

സാമ്രാജ്യത്വ യുദ്ധസന്നാഹങ്ങളുടെ അവിഭാജ്യ ഘടകമായിട്ടാണ് പാശ്ചാത്യലോകത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ എന്നും നിലകൊണ്ടിട്ടുള്ളത്. സദ്ദാം ഹുസൈന്റെ കയ്യില്‍ അതിവിനാശകാരികളായ ആയുധങ്ങളുണ്ടെന്ന വ്യാജപ്രചാരണം നടത്തി ഇറാഖിനെതിരായ യുദ്ധത്തിന് പിന്തുണയേറ്റാന്‍ പെരുമ്പറ മുഴക്കിയവരില്‍ ‘ദ ന്യൂയോര്‍ക്ക് ടൈംസ്’, ‘ദ വാഷിംഗ്ടണ്‍ പോസ്റ്റ്’ മുതലായ മാധ്യമങ്ങള്‍ മുന്‍‌പന്തിയിലുണ്ടായിരുന്നു. സൌദി ഉടമസ്ഥതയിലുള്ള അല്‍ അറബിയ സിറിയയ്‌ക്കെതിരായ യുദ്ധത്തിന് കലവറയില്ലാത്ത പിന്തുണ നല്‍കുന്നത് പിന്നെ സ്വാഭാവികമാണല്ലോ.

ഖത്തറിലെ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ് അല്‍ ജസീറ. ‘മുസ്ലിം ബ്രദര്‍ഹുഡ്’ പ്രചാരകരുടെ വിഷലിപ്‌തമായ പ്രഭാഷണങ്ങള്‍ മണിക്കൂറുകളോളം സം‌പ്രേഷണം ചെയ്‌ത് ജിഹാദി ഇസ്ലാമിസത്തിന്റെ തീ അറബ് രാജ്യങ്ങളിലെല്ലാം പടര്‍ത്തുന്നതില്‍ ‘അല്‍ ജസീറ അറബിക്‘ ചാനല്‍ സുപ്രധാനമായ പങ്കാണ് വഹിച്ചിട്ടുള്ളത്. അല്‍ ജസീറയുടെ ഈ രാഷ്‌ട്രീയത്തിന്റെ ഒരു ‘പരിഷ്‌കൃത’ മുഖം‌മൂടി മാത്രമാണ് ‘അല്‍ ജസീറ ഇംഗ്ലീഷ്‘ ചാനല്‍.

ഘൂട്ടയെ മോചിപ്പിക്കുക

കിഴക്കന്‍ ഘൂട്ട ഇന്ന് മൂന്ന് തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ജെയ്ഷ് അല്‍-ഇസ്ലാം, അല്‍-നുസ്ര മുന്നണി, പിന്നെ അല്‍-നുസ്രയുടെ സഖ്യകക്ഷിയായ ഫയ്‌ലാഖ് അല്‍-റഹ്മാന്‍.

കിഴക്കന്‍ ഘൂട്ടയില്‍ സിറിയന്‍ സൈന്യം തങ്ങളെ ബോംബ് ചെയ്യാതിരിക്കുന്നതിനു വേണ്ടി, 2015-ല്‍ നൂറുകണക്കിന് സ്‌ത്രീകള്‍ ഉള്‍പ്പെടെ അലാവൈറ്റ് ഷിയ മതവിശ്വാസികളായ അഞ്ഞൂറോളം സിവിലിയന്മാരെ വലിയ കൂടുകളില്‍ അടച്ച് പരേഡ് ചെയ്‌ത കൂട്ടരാണ് ജെയ്ഷ് അല്‍-ഇസ്ലാം.

ഇവരെപ്പോലെയുള്ള ഭീകരവാദികളുടെ പിടിയില്‍ നിന്നും കിഴക്കന്‍ ഘൂട്ടയിലെ ജനങ്ങള്‍ മോചിപ്പിക്കപ്പെടുന്നത് തടയുക എന്നതാണ് ‘Save Ghouta’ പ്രചാരണത്തിന്റെ ലക്ഷ്യം. പഴയ #SaveAleppo പ്രചാരണം പോലെതന്നെ.

അല്‍-ഖായിദ, ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) മുതലായ തീവ്രവാദ സംഘടനകളുടെ പിടിയില്‍ നിന്നും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സിറിയന്‍ സൈന്യം റഷ്യന്‍ സഹായത്തോടെ മോചിപ്പിച്ചു കഴിഞ്ഞു.

‘Save Ghouta’ പ്രചാരണത്തിന്റെ ഉദ്ദേശ്യം, കിഴക്കന്‍ ഘൂട്ടയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ രക്ഷിക്കുക എന്നുള്ളതല്ല. നേരെ മറിച്ച്, സിറിയ പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്തിന്റെയും അതിന്റെ ഇസ്ലാമിസ്റ്റ് സഖ്യകക്ഷികളുടെയും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ശ്രമങ്ങളെ എങ്ങനെയെങ്കിലും രക്ഷിച്ചെടുക്കാന്‍ അന്താരാഷ്‌ട്ര പിന്തുണ സ്വരൂപിക്കുക എന്ന ലക്ഷ്യമാണ് അതിനുള്ളത്.

തങ്ങളുടെ സായുധസൈന്യങ്ങളെ സിറിയയില്‍ നിന്നും പിന്‍‌വലിക്കാനും, തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നല്‍കിവരുന്ന പിന്തുണ അവസാനിപ്പിക്കാനും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മേല്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ഉണ്ടാവേണ്ടതുണ്ട്. കിഴക്കന്‍ ഘൂട്ടയോ സിറിയയുടെ മറ്റ് പ്രദേശങ്ങളോ കൈവശം വച്ചിരിക്കുന്ന ഏതെങ്കിലും ഭീകരസംഘടനകള്‍ കീഴടങ്ങാന്‍ വിസമ്മതിക്കുന്ന പക്ഷം, ആ പ്രദേശങ്ങള്‍ തിരികെപ്പിടിക്കുന്നതിനുള്ള അന്താരാഷ്‌ട്ര പിന്തുണ സിറിയ അര്‍ഹിക്കുന്നു. സിവിലിയന്‍ ജനങ്ങള്‍ക്ക് അപായം പരമാവധി കുറച്ച് ഇത് സാധ്യമാക്കാന്‍ സിറിയന്‍ സര്‍ക്കാരിന്റെ മേലും സമ്മര്‍ദ്ദം ഉണ്ടാവണം.

അലെപ്പോ മോചിപ്പിക്കപ്പെട്ടപ്പോള്‍ ബ്രിട്ടനിലെ ‘ദ മോര്‍ണിംഗ് സ്റ്റാര്‍’ ദിനപ്പത്രം പറഞ്ഞതും കൂടി പരാമര്‍ശിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം: “അന്തിമമായി, ഐസിസിനെയും അല്‍-ഖായിദയെയും പോലെയുള്ളവരുടെയടുത്ത് സമാധാനശ്രമങ്ങള്‍ വിലപ്പോവില്ല. അവരെ പോരാടി തോല്‍പ്പിക്കുകയേ നിര്‍വാഹമുള്ളൂ.”

Leave a comment